യു ഡി എഫ് യോഗം ഇന്ന്; ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Posted on: July 25, 2016 9:08 am | Last updated: July 25, 2016 at 10:27 am
SHARE

udfതിരുവനന്തപുരം:ഘടകകക്ഷികള്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ യു ഡി എഫ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഘടകകക്ഷികളെ അനുനയിപ്പിക്കുകയാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി പൊതുധാരണയില്‍ എത്താതെ വിശദമായ തിരഞ്ഞെടുപ്പ് അവലോകനം ഫലപ്രദമാകില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മുന്നണി ബന്ധം ശക്തമാക്കിയതിനു ശേഷം വിശദമായ തിരഞ്ഞെടുപ്പ് അവലോകനം നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

ഇടഞ്ഞുനില്‍ക്കുന്ന ഘടകകക്ഷികള്‍ മുന്നണി വിടില്ലെങ്കിലും മുന്നണിയിലെ ഐക്യത്തെ ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷം എന്ന നിലയില്‍ യോജിച്ച പ്രവര്‍ത്തനത്തെ മുന്നണിയിലെ അനൈക്യം ബാധിച്ചിട്ടുണ്ട്. പല ഘടകകക്ഷികളും കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ത്തുന്നത്. മൂന്ന് പാര്‍ട്ടികള്‍ മുന്നണി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മുസ്‌ലിം ലീഗ് ഒഴിച്ചുള്ള മൂന്ന് പ്രമുഖ കക്ഷികള്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ത്തുന്നത്. ഇവരെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിനുള്ളിലെ അനൈക്യം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ജനതാദള്‍ യുനൈറ്റഡും ആര്‍ എസ് പിയും ആരോപിക്കുന്നു.

മുന്നണി വിടുന്നത് തടയാനായി കെ എം മാണിയെ ബാര്‍ കേസില്‍ കുടുക്കുകയാണെന്ന ആരോപണമാണ് കേരളാ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെയാണ് മാണി ഗ്രൂപ്പ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ട ജെ ഡി യു, ആര്‍ എസ് പി എന്നീ കക്ഷികളും കടുത്ത ആരോപണമാണ് കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്നത്. മുന്നണി വിടണമെന്ന ആവശ്യവും ഈ കക്ഷികളില്‍ ശക്തമാണ്. ഇരു പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കള്‍ തന്നെയാണ് പരസ്യമായി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്.
അതിരപ്പിള്ളി വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന ചര്‍ച്ചക്കും ഇന്നത്തെ യോഗത്തില്‍ തുടക്കമാകും. അതിരപ്പിള്ളി സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇന്നത്തെ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. ജനതാത്പര്യത്തിന് വിരുദ്ധമായി അതിരപ്പിള്ളിയിലെ ജലവൈദ്യുത പദ്ധതി വേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കമെന്നറിയുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ തന്നെ വ്യത്യസ്ത നിലപാടുണ്ട്. വി എം സുധീരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ പദ്ധതിക്ക് എതിരാണ്. ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും പദ്ധതിയെ അനുകൂലിക്കുന്നു.