Connect with us

Kerala

ഹൈക്കോടതി സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനം. സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.തലസ്ഥാനത്തും ഹൈക്കോടതി പരിസരത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെന്നും സംഭവം അടഞ്ഞ അധ്യായമായി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യന്ത്രി.

സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും. മാധ്യമപ്രതിനിധികളുടെയും അഭിഭാഷകരുടെയും മൂന്ന് വീതം അംഗങ്ങള്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കും ഏതെങ്കിലും വിധത്തില്‍ അഭിമാനിക്കാന്‍ കഴിയുന്നതല്ല. ഇത്തരം ഏറ്റുമുട്ടലുകള്‍ സമൂഹം അംഗീകരിക്കില്ല. ഇതെല്ലാം മനസിലാക്കി സൗഹൃദത്തിന്റെ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കുവാനായി സംവിധാനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കണമെന്നും പിണറായി നിര്‍ദേശിച്ചു.ഹൈക്കോടതിക്ക് ഉള്ളിലെ കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിധിയുണ്ട്. ഹൈക്കോടതിയിലെ മീഡയ റൂം തുറക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റീസും ഹൈക്കോടതിയുമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest