കാളികാവില്‍ ഭരണ മാറ്റത്തിന് സാധ്യത

Posted on: July 22, 2016 11:55 am | Last updated: July 22, 2016 at 11:55 am
SHARE

കാളികാവ്: മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്ന കാളികാവ് ഗ്രാമ പഞ്ചായത്തില്‍ ഈ മാസം അവസാനത്തോടെ ഭരണ മാറ്റത്തിന് സാധ്യത. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. യു ഡി എഫ് ഭരിച്ചിരുന്ന മുന്‍ ഭരണ സമിതിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചോടെയാണ് കാളികാവില്‍ മുന്നണിക്കുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായി പരസ്പരം ശക്തി പ്രകടനങ്ങളും പൊതു യോഗങ്ങളും പോര്‍വിളികളും നടന്നു. ചെറിയ തോതില്‍ കയ്യാങ്കളിയും നടന്നു. ഇതോടെ മുന്നണി ബന്ധം പൂര്‍ണമായി തകര്‍ന്നു. എന്നാല്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭിന്നതകള്‍ മറന്ന് കോണ്‍ഗ്രസും ലീഗും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ചില സ്ഥലങ്ങളില്‍ ഭിന്നത തുടര്‍ന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായ എ പി അനില്‍കുമാറിന് നേടാനായത്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ യോജിപ്പ് നിലനിര്‍ത്തി മുന്നണി സംവിധാനം പുന:സ്ഥാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നിരുന്നു. മണ്ഡലം കമ്മിറ്റി അംഗങ്ങളും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളും വാര്‍ഡ് പ്രസിഡന്റുമാര്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍ പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ 24 ന് ഉമ്മന്‍ ചാണ്ടി മലപ്പുറത്തെത്തുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, വി വി പ്രകാശ് പങ്കെടുക്കും.