Connect with us

Gulf

അബുദാബിയില്‍ സിവില്‍ ഡിഫന്‍സ് വാഹനങ്ങളില്‍ സ്മാര്‍ട് സംവിധാനം

Published

|

Last Updated

അബുദാബി: അബുദാബിയില്‍ സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് ട്രാഫിക് സിഗ്‌നലുകളിലെ ഗതാഗത കുരുക്കില്‍നിന്നും രക്ഷപ്പെടുന്നതിന് വാഹനങ്ങളില്‍ പുതിയ സ്മാര്‍ട് സംവിധാനം നിലവില്‍വന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി അബുദാബിയിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സിവില്‍ ഡിഫന്‍സിന്റെ വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നലുകളിലെത്തുമ്പോള്‍ ചുവന്ന ലൈറ്റുകള്‍ക്ക് പകരം പച്ച തെളിയും. വാഹനത്തിലുള്ള സ്മാര്‍ട് സംവിധാനം വഴിയാണ് യാത്ര സുഗമമാക്കുന്നതിന് വേണ്ടി ട്രാഫിക് സിഗ്‌നലുകള്‍ ക്രമീകരിക്കുന്നത്. അബുദാബി സിവില്‍ ഡിഫന്‍സ്, അബുദാബി മുനിസിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

പുതിയ സാങ്കേതിക വിദ്യ ട്രാഫിക് സിഗ്‌നലുകളില്‍ ക്രമീകരിച്ചതോടെ സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് ഗതാഗത കുരുക്കില്‍ അകപ്പെടാതെ പെട്ടെന്ന് ലക്ഷ്യസ്ഥാനങ്ങളേക്കെത്താന്‍ കഴിയുമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി വ്യക്തമാക്കി.

സ്പീഡ് കുറക്കാനും എളുപ്പത്തില്‍ വാഹനങ്ങള്‍ക്ക് കാലതാമസമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനും കഴിയും. ആവശ്യമായ എല്ലാ മുന്‍കരുതലുകളും പുതിയ സിസ്റ്റം ഉറപ്പുവരുത്തും. തലസ്ഥാനത്ത് ആറ് സ്ഥലങ്ങളില്‍ പരിഷ്‌കരണം നടപ്പാക്കിയതായും ട്രാന്‍സ്‌പോര്‍ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ഹാശിം വ്യക്തമാക്കി.

Latest