മാണിക്കുവേണ്ടി ചട്ടവിരുദ്ധമായി പണം അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി

Posted on: July 20, 2016 4:49 pm | Last updated: July 20, 2016 at 4:49 pm
SHARE

KM Mani.jpg.imageIതിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് നടത്തിപ്പിനായി അദ്ദേഹത്തിന് പണം അനുവദിച്ച മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. പണം അനുവദിക്കാനുള്ള തീരുമാനത്തെ ആഭ്യന്തര വകുപ്പും നിയമവകുപ്പും എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് മറികടന്നായിരുന്നു പണം അനുവദിച്ചതെന്നും മന്ത്രി എ.കെ.ബാലന്‍ അദ്ധ്യക്ഷനായ ഉപസമിതി കണ്ടെത്തി.

ബാര്‍ കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു മാണിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ മാണിക്ക് പണം അനുവദിച്ചത്. ഹൈക്കോടതിയിലെ കേസില്‍ മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരെയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതാണ് ചട്ടവിരുദ്ധമെന്ന് ഉപസമിതി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, മാണിക്ക് വേണ്ടി കേസ് നടത്താന്‍ അഭിഭാഷകരെ കൊണ്ടുവന്നതിന് സര്‍ക്കാരില്‍ നിന്ന് പണം അനുവദിച്ചിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം)വ്യക്തമാക്കി. ബാര്‍ കേസില്‍ മാണിക്ക് സമന്‍സോ, നോട്ടീസോ കോടതി അയച്ചിട്ടില്ല. അതിനാല്‍ തന്നെ കേസ് വാദിക്കാനായി അഭിഭാഷകരെ കൊണ്ടു വരേണ്ടിയും വന്നിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ജോസഫ് എം.പുതുശേരി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.