കടലാക്രമണം: ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പുന:രധിവസിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും

Posted on: July 20, 2016 9:19 am | Last updated: July 20, 2016 at 9:19 am
SHARE

കോഴിക്കോട്: കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കോതി കടപ്പുറത്തെയും ചാപ്പയിലെയും കുടംബങ്ങളെ പുന:രധിവസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുന്നു. ഇത് സംബന്ധിച്ച് കോര്‍പറേഷന്‍ മേയറുടെ ചേമ്പറില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഡോ. എം കെ മുനീര്‍ എം എല്‍ എയും തമ്മില്‍ പ്രാരംഭ ചര്‍ച്ച നടത്തി.
കോര്‍പറേഷന്റെ ഉടമസ്ഥതിയിലുള്ള സ്ഥലങ്ങള്‍ ഇതിനായി പരിശോധിക്കും. കടലാക്രമണത്തെ തുടര്‍ന്ന് ചാപ്പയില്‍ 34ഉം കോതിയില്‍ പത്തും കുടംബങ്ങളാണ് രൂക്ഷമായ പ്രശ്‌നം നേരിടുന്നതെന്ന് ചര്‍ച്ച ചെയ്തു. എന്നാല്‍ കോതിയില്‍ വേറെയും വീടുകള്‍ ഭീഷണിയിലാണ്. ഇവരെ പുനഃരധിവസിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
കഴിഞ്ഞ സര്‍ക്കാര്‍ കോതിയിലും ചാപ്പയിലും അഞ്ച് കോടി രൂപയുടെ വീതം സഹായം അനുവദിച്ചിരുന്നു. ഇതില്‍ കോതിയില്‍ അഞ്ച് കോടി രൂപ ഉപയോഗിച്ച് വീടുകള്‍ക്ക് ധനസഹായം നല്‍കിയിരുന്നു. ഒരു വീടിന് പത്ത് ലക്ഷം രൂപ വരെ അനുവദിച്ചിരുന്നു. ഇതില്‍ മൂന്നര കോടിയാണ് ചെലവായത്.
ബാക്കിയുള്ള ഒന്നര കോടി രൂപ ഉപയോഗിച്ച് കുടുംബശ്രീയുമായി സഹകരിച്ച് കാറ്ററിംഗ് യൂനിറ്റ് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഡോ. എം കെ മുനീര്‍ പറഞ്ഞു.
ചാപ്പയില്‍ അനുവദിച്ച അഞ്ച് കോടി രൂപ ബാക്കിയുണ്ട്. ഇത് കൂടി ഉള്‍പ്പെടുത്തിയാകും പുന:രധിവാസം സാധ്യമാക്കുക. മാത്രമല്ല മുഖ്യമന്ത്രിയെ ഉള്‍പ്പെടെ കണ്ട് ഇക്കാര്യത്തില്‍ സഹായം തേടും. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ എം രാധാകൃഷ്ണന്‍, കെ ടി ബാബുരാജ്, അനിതാ രാജന്‍, കൗണ്‍സിലര്‍ ശ്രീകല പങ്കെടുത്തു.