Connect with us

Gulf

യു എ ഇയില്‍ 50ലധികം പേരുള്ള സ്ഥാപനങ്ങള്‍ താമസ സൗകര്യമൊരുക്കണം

Published

|

Last Updated

യു എ ഇ തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ്

അബുദാബി: 50ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് താമസസൗകര്യം ഒരുക്കണമെന്ന് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി. അടുത്ത നവംബര്‍ മുതല്‍ നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിത്തുടങ്ങുമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

50തോ അതിലധികമോ ജീവനക്കാരുള്ളതും 2,000മോ അതില്‍ കുറവോ ദിര്‍ഹം ശമ്പളം വാങ്ങുന്നവരുമായ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകമാവുക. യു എ ഇ തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് ഒപ്പിട്ട തീരുമാനപ്രകാരമാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പത്രകുറിപ്പ് പുറത്തിറക്കിയത്.

2014ല്‍ മന്ത്രാലയം തീരുമാനിച്ചതനുസരിച്ച്, 500ല്‍ താഴെ വരുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കുന്ന ലേബര്‍ ക്യാമ്പുകളിലെ മുഴുവന്‍ സൗകര്യങ്ങളോടുകൂടിയായിരിക്കണം 50 പേരുള്ള സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന താമസ സൗകര്യങ്ങളെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഈ നിബന്ധനകള്‍ക്ക് പുറമെ, തൊഴിലാളികള്‍ക്ക് കൂടുതല്‍ ഗുണകരമായ മറ്റു നിബന്ധനകള്‍ പ്രാദേശിക വകുപ്പുകള്‍ക്കും അധികാരികള്‍ക്കും സ്ഥാപനങ്ങളുടെ മുമ്പില്‍ വെക്കാവുന്നതാണ്.

50ല്‍ താഴെ ജോലിക്കാരുള്ള സ്ഥാപനങ്ങളോട് ലേബര്‍ ക്യാമ്പ് നല്‍കാന്‍ ആവശ്യപ്പെടുക, 2,000ത്തിന് മുകളില്‍ വേതനമുള്ള ജീവനക്കാര്‍ക്കും ലേബര്‍ ക്യാമ്പ് സൗകര്യം ഉറപ്പു വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വെക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രാദേശിക സംവിധാനങ്ങളുടെ സഹായത്തോടെ നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടതായും പത്രക്കുറിപ്പ് എടുത്തുപറഞ്ഞു.