Connect with us

Gulf

ഖത്വറിന്റെ എണ്ണയിതര മേഖലയില്‍ വന്‍ കുതിച്ചുചാട്ടം

Published

|

Last Updated

ദോഹ: ഖത്വറിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ എണ്ണയിതര മേഖലയില്‍ നിന്നുള്ള സംഭാവന കുത്തനെ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 63.8 ശതമാനമാണ് എണ്ണയിതര മേഖലയില്‍ നിന്നുള്ള പങ്ക്. 2014ല്‍ ഇത് 48.9 ശതമാനം ആയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി എണ്ണയിതര മേഖല തുടര്‍ വളര്‍ച്ച നേടുകയാണെന്നും സമ്പദ്ഘടന വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ശരിയായ രീതിയിലാണെന്നുമാണ് ഇത് തെളിയിക്കുന്നത്. അതേസമയം എണ്ണ മേഖലയുടെ പങ്കാളിത്തം സ്ഥിരതയാര്‍ന്ന് തുടരുകയുമാണ്.

നിക്ഷേപത്തിലെ വര്‍ധനയാണ് എണ്ണയിതര മേഖലയുടെ വളര്‍ച്ചക്ക് പ്രധാന കാരണമെന്ന് ക്യു എന്‍ ബിയുടെ പ്രതിവാര സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ നിക്ഷേപത്തില്‍ വലിയ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. എണ്ണയിതര മേഖലയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വര്‍ഷാവര്‍ഷ വളര്‍ച്ച കഴിഞ്ഞ വര്‍ഷം 7.8 ശതമാനം ആയിട്ടുണ്ട്. ഇതില്‍ കെട്ടിടം, നിര്‍മാണം മേഖലകളുടെ പങ്കാളിത്തം 2.2 ശതമാനം ആണ്. പ്രവാസി തൊഴിലാളികളുടെ ഒഴുക്ക് ധനകാര്യം, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ്, വ്യാപാരം, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയുടെ ആവശ്യകത വര്‍ധിപ്പിച്ചു. എണ്ണയിതര ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ ഏറ്റവും വലിയ പങ്കാളിത്തം സേവന മേഖലയുടെതാണ്; 5.0 ശതമാനം. ഉത്പന്ന നിര്‍മാണത്തിന്റെ സംഭാവന 0.7 ശതമാനമാണ്.

അതേസമയം, കഴിഞ്ഞ വര്‍ഷം ഖത്വറിന്റെ എണ്ണയുത്പാദനത്തില്‍ 0.2 ശതമാനത്തിന്റെ നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് ക്രൂഡ് ഉത്പാദനം താഴ്ത്തുന്നതിന് ഇടയാക്കി. നോര്‍ത്ത് ഫീല്‍ഡിലെ പുതിയ വാതക പദ്ധതികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ പ്രകൃതി വാതക ഉത്പാദനം മാറ്റമില്ലാതെയുണ്ടായിരുന്നു. എണ്ണ വില ഇടിഞ്ഞ പശ്ചാത്തലത്തിലും മൊത്തത്തില്‍ വളര്‍ച്ച മെച്ചപ്പെട്ടിട്ടുണ്ട്.
ഖത്വറിന്റെ യഥാര്‍ഥ ആഭ്യന്തര ഉത്പാദന വളര്‍ച്ച ഈ വര്‍ഷം 3.3ഉം അടുത്ത വര്‍ഷം 3.9ഉം 2018ല്‍ 4.2 ഉം ആകുമെന്നാണ് ക്യു എന്‍ ബി പ്രതീക്ഷിക്കുന്നത്.