വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Posted on: July 16, 2016 6:08 pm | Last updated: July 16, 2016 at 6:08 pm
SHARE

ദോഹ: രാജ്യത്തേക്ക് വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും ജോലിക്കു നിയോഗിക്കുന്നതിനും കനത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു. വീട്ടുവേലക്കാര്‍ക്കും സമാനമായ ജോലിക്കാര്‍ക്കും നിയമം ബാധകമാണ്. ഈ രംഗത്തെ ചൂഷണങ്ങളും ദുരുപയോഗങ്ങളും തടയുന്നതിനുള്ളതാണ് നിബന്ധനകള്‍.
നഗരസഭാ, പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരമുള്ളവര്‍ക്കു മാത്രമായിരിക്കും വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുക. അതോടൊപ്പം സ്വന്തം വീട്ടിലെ ആവശ്യത്തിനു വേണ്ടിയാണ് ജോലിക്കാരെ കൊണ്ടു വരുന്നതെന്ന് സാക്ഷ്യപ്പെടുത്തണം. ആവശ്യമായ ജോലിക്കാരുടെ വിവിരം ചേര്‍ത്ത് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിശ്ചിത ജോലിക്കാരെയേ ഒരാള്‍ക്ക് അഥവാ ഒരു കുടുംബത്തിന് കൊണ്ടു റിക്രൂട്ട് ചെയ്യാനാകൂ. വീടുകള്‍ അടിസ്ഥാനപ്പടുത്തിയായിരിക്കണം രജിസ്‌ട്രേഷന്‍. കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ജോലിക്കാരുടെ എണ്ണവും അനുവദിക്കുക. വീട്ടുജോലിക്കാരെ കൊണ്ടു വരുന്ന കുടുംബത്തിന് അതിനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ അനുമതി നല്‍കൂ. ജോലിക്കാരെ കൊണ്ടു വരുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതികൂടി പരിഗണിച്ചാണ് സഹായികളായി ജോലിക്കാരെ അനുവദിക്കുക. ഇതുകൂടാതെ കപ്പല്‍ ജീവനക്കാര്‍, കൃഷിപ്പണിക്കാര്‍, ഒട്ടകങ്ങളെ നോക്കുന്നവര്‍ തുടങ്ങിയ ജോലികള്‍ക്ക് വിദേശികളെ കൊണ്ടു വരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പലിന്റെ വലിപ്പം, ജോലി ആവശ്യം, പ്രവര്‍ത്തനരീതി എന്നിവ പരിശോധിച്ചു മാത്രമേ ജോലിക്കാരെ അനുവദിക്കൂ. കൃഷിപ്പണിക്കാര്‍ക്കുള്ള വിസ അനുവദിക്കുന്നതും കൃഷിയിടത്തിന്റെ വലിപ്പവും പ്രവര്‍ത്തനവും വിലയിരിത്തി മാത്രമായിരിക്കും. പച്ചക്കറി, പഴവര്‍ഗങ്ങള്‍, കന്നുകാലി കൃഷി എന്നിവയില്‍ ഏതെന്ന് ഉറപ്പു വരുത്തി ആവശ്യമായ ജോലിക്കാര്‍ക്കു മാത്രമേ വിസ അനുമതി നല്‍കൂ. വിനോദാധിഷ്ഠിതമായ ആവശ്യങ്ങള്‍ക്ക് സഹായികളെയും ജോലിക്കാരെയും റിക്രൂട്ട് ചെയ്യുന്നതിനും ജോലിക്കു നിര്‍ത്തുന്നതിനും നഗരസഭാ മന്ത്രാലയത്തില്‍ നിന്നും ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം.