Connect with us

Eranakulam

യതീംഖാനയിലെ അഴിമതി; ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

കൊച്ചി: കൊച്ചിന്‍ യതീംഖാന അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ വാദം തള്ളി ഹൈക്കോടതി ഹരജി ഫയലില്‍ സ്വീകരിച്ചു. യതീം ഖാനയുടെ മറവില്‍ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും സാമ്പത്തിക തിരിമറികളും ഹവാല ഇടപാടുകളും അന്വേഷിക്കുന്നതിന് സി ബി ഐയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാമാണ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യതീംഖാനക്ക് അനുകൂലമായി , പരാതി നിലനില്‍ക്കില്ലെന്നും യതീംഖാന അഴിമതി നടത്തിയിട്ടില്ലെന്നും ഹരജി ഫയലില്‍ സ്വീകരിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തുടര്‍ന്ന് കേസ് നീണ്ടുപോവുകയായിരുന്നു.
ഹരജിക്കാരുടെ ഇടക്കാല അപേക്ഷ പ്രകാരം കേസ് അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇന്റലിജന്‍സ് എ ഡി ജി പിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അമേരിക്ക, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമേ വിദേശ ഫണ്ട് സ്വീകരിക്കുന്നുള്ളുവെന്നായിരുന്നു യത്തീംഖാന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അനധികൃത വിദേശ ഫണ്ട് വരുന്നുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തി.
ഇത് കേന്ദ്ര വിദേശ നാണ്യ വിനിമയ ചട്ട പ്രകാരം ശിക്ഷാര്‍ഹമാണ്. മാത്രമല്ല, വിദേശ ഫണ്ട് ലഭിക്കുന്നില്ല എന്നു കാണിച്ച് കേരള സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പില്‍ നിന്നും ഗ്രാന്റ് വാങ്ങുകയും ചെയ്തു. അനാഥശാലയുടെ മറവില്‍ വിദേശ ഫണ്ട് ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങുകയും അത് നിയമ വിരുദ്ധമായി കൈമാറ്റം ചെയ്യുകയുമാണ് ചെയ്യുന്നത്.
മൂന്ന് തവണയായി യതീം ഖാനയുടെ പേരില്‍ ട്രസ്റ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിട്ട് ഹരജിയിലെ രണ്ടാം എതിര്‍കക്ഷി സി ബി ഐക്കും, യത്തീംഖാനക്കും, ട്രസ്റ്റുകള്‍ക്കും ഉടന്‍ നോട്ടീസ് അയക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ രാമകുമാര്‍, അഡ്വ. സി എസ് അബ്ദുസമദ്, അഡ്വ. ടി യു സിയാദ് ഹാജരായി. നിയമവിരുദ്ധമായി അനാഥ മക്കളുടെ സ്വത്ത് കൊള്ളയടിക്കുന്നവര്‍ക്കും രാജ്യ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ വിദേശ ഫണ്ട് കൈമാറ്റം ചെയ്യുന്നവര്‍ക്കും ഹോക്കോടതി ഉത്തരവ് മുന്നറിയിപ്പാണെന്ന് കേരള വഖഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം പറഞ്ഞു.