കെട്ടിട നിര്‍മാണത്തിന് ത്രിമാന സാങ്കേതിക വിദ്യയുമായി ദുബൈ നഗരസഭ

Posted on: July 15, 2016 7:03 pm | Last updated: July 15, 2016 at 7:03 pm
SHARE

dubaiദുബൈ: കെട്ടിട നിയമങ്ങള്‍ ദുബൈ നഗരസഭ പരിഷ്‌കരിക്കുന്നു. നിര്‍മാണ മേഖലയില്‍ ത്രിമാന (ത്രീഡി) പ്രിന്റിംഗ് ടെക്‌നോജി ഉള്‍പെടുത്തിയാണ് നിയമം പരിഷ്‌കരിക്കുന്നത്. 2030ഓടുകൂടി യു എ ഇയെ വിശിഷ്യാ ദുബൈയെ ആഗോളതലത്തില്‍ പ്രിന്റിംഗ് ടെക്‌നോളജി രംഗത്ത് മുന്‍പന്തിയിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ ത്രീഡി പ്രിന്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനത്തിന് തുടക്കമിടുന്നത്.
ദുബൈ നഗരസഭ തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് മികച്ച ശില്‍പശാലകള്‍ ഇതിനായി സംഘടിപ്പിക്കുന്നുണ്ട്. ത്രിമാന പ്രിന്റിംഗ് ടെക്‌നോളജിയുടെ സര്‍വമാന സാധ്യതകളും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും. നിര്‍മാണ രംഗത്ത് ഉണ്ടാകുന്ന അനാവശ്യ ചെലവുകള്‍ ഒഴിവാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിര്‍മാണഘട്ടത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം കൃത്യമായി നിശ്ചയിക്കാന്‍ ഇതുമൂലം സാധിക്കുന്നു. തൊഴിലാളികളുടെ നൈപുണ്യം കൃത്യമായി അടയാളപ്പെടുത്താനും കഴിയും.
മാനവ വിഭവശേഷി കാര്യക്ഷമമായി ഉപയോഗിക്കാന്‍ ത്രിമാന പ്രിന്റിംഗ് ടെക്‌നോളജി വഴിയൊരുക്കുന്നതിലൂടെ കമ്പനികളുടെ വാര്‍ഷിക വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ദുബൈ നഗരസഭ ഡെപ്യൂട്ടി ഡയറക്ടര്‍ ഈസാ അല്‍ മൈദൂര്‍ പറഞ്ഞു.