ഖത്വറില്‍ ഗവേഷകര്‍ 20 ഇരട്ടി വര്‍ധിച്ചു

Posted on: July 14, 2016 8:53 pm | Last updated: July 14, 2016 at 8:53 pm
SHARE

ദോഹ: ഖത്വറില്‍ ഗവേഷണ പഠനം മികച്ച വളര്‍ച്ച കൈവരിക്കുന്നു. മൂന്നു വര്‍ഷത്തിനിടെ ഗവേഷകരില്‍ ഇരുപത് ഇരട്ടിയാണ് വര്‍ധനയുണ്ടായത്. ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന 1600 പേരില്‍ 250 പേര്‍ ഖത്വര്‍ സ്വദേശികളാണ്. ഗവേഷണ പഠന രംഗത്ത് കൂടുതല്‍ നിക്ഷേപവും വികസനവും ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഖത്വര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വര്‍ക്ക് ഷോപ്പിലണ് സ്ഥിതിവിവരക്കണക്കുകളും പദ്ധതികളും അവതരിപ്പിച്ചത്.
ശില്‍പ്പശാലയില്‍ സുസ്ഥിരമായ വിദ്യാഭ്യാസാധിഷ്ഠിത ഭാവിക്കു വേണ്ടിയുള്ള മാനവീക മൂലധന വികസനം സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച നടന്നത്. മന്ത്രാലയങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും പ്രതിനിധികളും സംബന്ധിച്ചു. ഗവേഷണ പഠന രംഗത്ത് രാജ്യത്ത് കൈവരിക്കേണ്ട വികനസം സംബന്ധിച്ച് ശില്‍പ്പശാല ചര്‍ച്ച ചെയ്തു. സംരംഭങ്ങളുടെ സംയോജനം, ഗവേഷണങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും വൈവിധ്യവത്കരണം, സാധ്യതകള്‍, ലക്ഷ്യം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു. ഖത്വര്‍ ഫൗണ്ടേഷന്‍ ഗവേഷമ പദ്ധതികളെക്കുറിച്ച് വിശദീകരണം നടന്നു. രാജ്യത്ത് ഗവേഷണ പഠന രംഗത്ത് നടക്കണ്ട പുരോഗതി, സ്ഥാപനങ്ങളുടെ സാഹചര്യങ്ങള്‍, പഠന രംഗത്ത് യുവാക്കള്‍ക്കു നല്‍കേണ്ട പ്രോത്സാഹനം എന്നിവയെല്ലാം ചര്‍ച്ചക്കു വിധേയമാക്കി.
ഈ രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതായിരുന്നു ശില്‍പ്പശാലയെന്ന് ഖത്വര്‍ ഫൗണ്ടേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.