തോട്ടങ്ങളില്‍ വിളവെടുപ്പു കാലം; ഖത്വരി ഈത്തപ്പഴങ്ങള്‍ വിപണിയില്‍

Posted on: July 13, 2016 6:58 pm | Last updated: July 21, 2016 at 7:53 pm
SHARE
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഈത്തപ്പഴ വില്‍പ്പന  (ഫയല്‍ ചിത്രം)
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഈത്തപ്പഴ വില്‍പ്പന
(ഫയല്‍ ചിത്രം)

ദോഹ: ഖത്വറിലെ ഉള്‍നാടന്‍ തോട്ടങ്ങളില്‍ വിളഞ്ഞ ഈത്തപ്പഴങ്ങള്‍ വിപണിയിലെത്തിത്തുടങ്ങി. ഈ വിളവെടുപ്പു കാലത്ത് ആദ്യമായാണ് പ്രാദേശിക ഈത്തപ്പഴങ്ങള്‍ വിപണിയിലെത്തുന്നത്. കഴിഞ്ഞ സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് ഖത്വര്‍ ഈത്തപ്പഴത്തിന്റെ വില്‍പ്പന ആരംഭിച്ചത്. പോഷക സമൃദ്ധമായ തദ്ദേശ ഈത്തപ്പഴങ്ങള്‍ക്ക് ആവശ്യക്കാരേറെയെത്തി. മൂന്ന് ഇനങ്ങളിലുള്ള ഈത്തപ്പഴമാണ് കഴിഞ്ഞദിവസങ്ങളില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ എത്തിയത്.
ഖസാബ് ഇനത്തില്‍പ്പെട്ട ഈത്തപ്പഴം അഞ്ച് കിലോ ബോക്‌സിന് പന്ത്രണ്ട് റിയാലായിരുന്നു തിങ്കളാഴ്ചയിലെ വില്‍പ്പന വില. ഉം റൈഹാന്‍, മുര്‍ജിയാന്‍ ഇനത്തില്‍പ്പെട്ട ഈത്തപ്പഴത്തിന് അഞ്ച് കിലോയുടെ പെട്ടിക്ക് യഥാക്രമം 18, 20 റിയാല്‍ നല്‍കേണ്ടി വന്നു. ഖത്വര്‍ ഫാമുകളില്‍ നിന്നു ഈത്തപ്പഴം നേരിട്ടാണ് മാര്‍ക്കറ്റിലെത്തിക്കുന്നത്. കുറഞ്ഞത് അടുത്ത രണ്ട് മാസമെങ്കിലും ഫാമുകളില്‍ നിന്ന് ഈത്തപ്പഴം ലഭിക്കുമെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. വിളവെടുപ്പ് തുടങ്ങിയിട്ടേ ഉള്ളൂ. രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ മികച്ച ഇനത്തില്‍പ്പെട്ട ഈത്തപ്പഴം ലഭ്യമാകുമെന്നും വ്യാപാരികള്‍ പറയുന്നു. ഈത്തപ്പഴത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ട്. രാവിലെ നടന്ന ലേലത്തില്‍ 50 ബോക്‌സുകള്‍ എടുത്തതില്‍ വൈകുന്നേരമായപ്പോഴേക്കും വിറ്റുപോയെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ആദ്യ വിളവെടുപ്പില്‍ ലഭിച്ച 30 പെട്ടി ഈത്തപ്പഴമാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനക്കായി അയച്ചതെന്ന് അല്‍ഖോറിലെ ഈത്തപ്പഴം ഫാമിലെ തൊഴിലാളി പറഞ്ഞു. ഏകദേശം 2,000 ഈത്തപ്പനകളാണ് ഇവിടെയുള്ളത്. രണ്ട് ഇനത്തില്‍പ്പെട്ട ഈത്തപ്പഴങ്ങളാണ് ഫാമില്‍ വിളവെടുപ്പിന് പാകമായിട്ടുള്ളതെന്നും തൊഴിലാളി പറഞ്ഞു. ഏറ്റവും ഗുണമേന്മയുള്ള ഈത്തപ്പഴം അടുത്ത ആഴ്ചയില്‍ ലഭിക്കുമെന്നും തൊഴിലാളി പറഞ്ഞു. ഖലാസ് ഒഴികെയുള്ള മറ്റെല്ലാ ഇനം ഈത്തപ്പഴവും വില്‍പ്പനക്കായി സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ചു. അതേസമയം ഖലാസ് ഉണക്കിയെടുക്കുന്ന പ്രക്രിയയിലാണെന്നും ഉണങ്ങിയ ശേഷം പായ്ക്കറ്റിലാക്കി വില്‍പനക്ക് നല്‍കുമെന്നും തൊഴിലാളി പറഞ്ഞു. ഖലാസ് വില അല്‍പം കൂടിയ ഇനത്തില്‍പ്പെട്ടതാണ്. ഒരു കിലോ ഖലാസിന് 50 റിയാലാണ് വില.