60 മില്യണ്‍ ദിര്‍ഹം മുതല്‍മുടക്കില്‍ എസ് എഫ് സി 25 റസ്റ്റോറന്റുകള്‍ തുടങ്ങും

Posted on: July 13, 2016 6:24 pm | Last updated: July 13, 2016 at 6:24 pm
SHARE
എസ് എഫ് സി ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍
എസ് എഫ് സി ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഫ്രൈഡ് ചിക്കന്‍ ശൃംഖലയായ എസ് എഫ് സി ഗ്രൂപ്പ് ആറ് കോടി ദിര്‍ഹം മുതല്‍മുടക്കില്‍ യു എ ഇയില്‍ പുതിയ 25 ക്വിക്ക് സര്‍വീസ് റസ്റ്റോറന്റുകള്‍ തുടങ്ങുമെന്ന് എസ് എഫ് സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ മുരളീധരന്‍, എസ് എഫ് സി പ്ലസ് പി പി ഓപറേഷന്‍ ഷിജു പാപ്പന്‍, എസ് എഫ് സി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് ഷിബു ഷംസ്, എസ് എഫ് സി പ്ലസ് ഡയറക്ടര്‍ സജീവ് സുകുമാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അബുദാബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ ഈ വര്‍ഷം നാല് റസ്റ്റോറന്റുകള്‍ ആരംഭിക്കും. ‘ക്യാപ്റ്റന്‍ ക്ലക്ക്’ എന്ന പേരില്‍ പുതിയ ഭാഗ്യചിഹ്നവുമായി ബ്രാന്‍ഡ് പ്രചരണത്തിന് എസ് എഫ് സി പ്ലസ് തുടക്കമിട്ടു കഴിഞ്ഞു. ജീവിതം ആഘോഷമാക്കുന്നത് ചിത്രീകരിക്കുന്ന ‘ലൈഫ് ഈസ് ഓസം’ എന്ന മ്യൂസിക് വീഡിയോയാണ് എസ് എഫ് സി പ്ലസിന്റെ പ്രചരണത്തിന്റെ മുഖ്യ ഘടകം.
യു എ ഇയിലെ യുവാക്കളുടെ ഉയര്‍ന്ന പ്രാതിനിധ്യവും അവരുടെ ചിലവഴിക്കല്‍ രീതികളും പുറത്തുനിന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ഭക്ഷണം കഴിക്കുന്ന പ്രവണത കൂടുന്നതും ക്യൂ എസ് ആര്‍ (ദ്രുത സേവന റസ്റ്റോറന്റ്) മേഖലയിലെ ബിസിനസ് സാധ്യത വളരെയധികം വര്‍ധിക്കുന്നുവെന്ന് എസ് എഫ് സി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ മുരളീധരന്‍ പറഞ്ഞു.
ഉയര്‍ന്ന ഗുണനിലവാരവും മികച്ച സേവനവും നല്‍കുന്നതിലൂടെ എസ് എഫ് സി പ്ലസ് യു എ ഇയിലെ പ്രശസ്തവും അംഗീകാരവുമുള്ള ഒരു ബ്രാന്‍ഡായി വളര്‍ന്നുകഴിഞ്ഞു. തനത് പ്രാദേശിക അഭിരുചികള്‍ക്കനുസൃതമായി രുചിക്കൂട്ടുകളില്‍ വരുത്തിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യതയും പ്രശസ്തിയും വര്‍ധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. യു എ ഇയില്‍ നിലവില്‍ എസ് എഫ് സി പ്ലസിന് 26 റസ്റ്റോറന്റുകളുണ്ട്. അബുദാബിയില്‍ 1993 ലാണ് ആദ്യമായി റസ്റ്റോറന്റ് തുടങ്ങിയത്. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച എസ് എഫ് സിക്ക് നിലവില്‍ ആറ് റസ്റ്റോറന്റുകളുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ റസ്റ്റോറന്റുകള്‍ തുറക്കും.
ഗുണമേന്മയും നിലവാരമുള്ള സേവനവും വൃത്തിയും പുതിയ രുചിഭേദങ്ങളുമാണ് എസ് എഫ് സിയുടെ ബ്രാന്‍ഡിന്റെ പ്രത്യേകത. ജീവിതം അടിപൊളി എന്നാണ് ലൈഫ് ഈസ് ഓസം കൊണ്ട് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.