അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു

Posted on: July 13, 2016 11:20 am | Last updated: July 13, 2016 at 5:21 pm
SHARE

NABAM TUKIന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കികൊണ്ട് സുപ്രീം കോടതി വിധി. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനസ്ഥാപിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നിയമസഭാ സമ്മേളനം വിളിച്ച് സര്‍ക്കാരിനെ മറികടന്ന ഗവര്‍ണറുടെ നടപടി തെറ്റെന്നും അതിനാല്‍ ഗവര്‍ണറുടെ നടപടി റദ്ദാക്കുന്നതായും സുപ്രീം കോടതി വ്യക്തമാക്കി. അരുണാചലില്‍ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്നും ജസ്റ്റിസ് ജെ.എസ്.കേഹര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

കോണ്‍ഗ്രസിലെ 21 വിമത എം.എല്‍.എമാര്‍ 11 ബി.ജെ.പി അംഗങ്ങള്‍ക്കും രണ്ട് സ്വതന്ത്രന്മാര്‍ക്കും ബി.ജെ.പിക്കൊപ്പം ചേര്‍ന്നാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയതോടെയാണ് അരുണാചല്‍ പ്രദേശില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വിമത സംഘം ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ആദ്യം സ്പീക്കര്‍ നബാം റെബിയെയും തുടര്‍ന്ന് മുഖ്യമന്ത്രി നബാം തുകിയെയും പുറത്താക്കി സ്വന്തം പക്ഷത്തെ കലിഖോ പുല്‍ എന്ന വിമത എം.എല്‍.എയെ പുതിയ മുഖ്യമന്ത്രിയാക്കി. ഒരു ഹോട്ടലില്‍ നിയമസഭാ സമ്മേളനം ചേര്‍ന്നാണ് വിമതര്‍ ഈ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് പിറ്റേന്ന് ഹോട്ടലില്‍ വീണ്ടും നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സര്‍ക്കാരിനെതിരായി അവിശ്വാസ പ്രമേയം പാസാക്കി.

സര്‍ക്കാരുമായി ആലോചിക്കാതെ പ്രത്യേക നിയമസഭാ സമ്മേളനം നേരത്തേ വിളിച്ചുചേര്‍ക്കുകയും അതിന്റെ അജന്‍ഡകള്‍ തീരുമാനിക്കുകയും ചെയ്ത ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവയുടെ നടപടികള്‍ ഏറെ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. വിമത എം.എല്‍.എമാരുടെ കൂടെയുള്ള ഡെപ്യൂട്ടി സ്പീക്കര്‍ ടി. നോര്‍ബു തോംഡുക്കാണ് സഭാ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. 60 അംഗ സഭയില്‍ മുഖ്യമന്ത്രി നബാംതൂക്കി ഉള്‍പ്പെടെ 27 അംഗങ്ങള്‍ നടപടികള്‍ ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിട്ടുനിന്നു. ഗവര്‍ണറുടെ നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗോഹട്ടി ഹൈക്കോടതി സഭാ നടപടികള്‍ പിന്നീട് മരവിപ്പിച്ചിരുന്നു.