മലയാളികളുടെ തിരോധാനം:ഇസില്‍ ബന്ധത്തിന് സ്ഥിരീകരണമില്ലെന്ന് രഹസ്യാന്വേഷണ വിഭാഗവും

Posted on: July 13, 2016 9:03 am | Last updated: July 13, 2016 at 3:50 pm
SHARE

isil keralaന്യൂഡല്‍ഹി:കേരളത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ക്ക് ഭീകരസംഘടനയായ ഇസിലുമായി ബന്ധമുണ്ടെന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും. ഇന്നലെ ഡല്‍ഹില്‍ ചേര്‍ന്ന സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവി എ ഡി ജി പി. ആര്‍ ശ്രീലേഖ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് കാണാതായവര്‍ തീവ്രവാദ സംഘടനയായ ഇസിലില്‍ ചേര്‍ന്നതിന് സ്ഥീരികരണമില്ലെന്ന് വിലയിരുത്തിയത്. സംസ്ഥാനത്ത് നിന്ന് കാണാതായവര്‍ ഇസില്‍ സ്വാധീന മേഖലകളായ അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയെന്ന് വിവരമുണ്ടെങ്കിലും ഇവര്‍ ഇസിലില്‍ ചേര്‍ന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ല.

കേരളത്തില്‍ നിന്നും മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവാക്കള്‍ ദുരൂഹ സഹചര്യത്തില്‍ രാജ്യം വിട്ടുപോകുന്നുണ്ട്. ഇക്കാര്യം ആശങ്കാജനകമാണ്. ദുരൂഹ സാഹചര്യങ്ങളില്‍ കാണാതാകുന്നവര്‍ക്ക് ഇസിലുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഉന്നതതല യോഗം വിലയിരുത്തി. മലയാളികളുടെ തിരോധാനം ചര്‍ച്ച ചെയ്തതായും ഇസില്‍ ബന്ധം സ്ഥിരീകരിക്കുന്നതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുത്തതിന് ശേഷം പുറത്തിറങ്ങിയ ശ്രീലഖ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ കേരളത്തിന് കൈമാറിയിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇതിനായി മറ്റ് രാജ്യങ്ങളുടെ അന്വേഷണ ഏജന്‍സികളും ഇവിടങ്ങളിലെ ഇന്ത്യ നയതന്ത്ര കാര്യലങ്ങളില്‍ നിന്ന് സഹായം തേടുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു. സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താനും യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവികളും റോ, ഐ ബി, എന്‍ ഐ എ തുടങ്ങി കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാണതായതായി കഴിഞ്ഞ ദിവസമാണ് പരാതികള്‍ ഉയര്‍ന്നത്. ഇവര്‍ തീവ്രവാദ സംഘടനയായ ഇസിലില്‍ ചേര്‍ന്നതായും സംസ്ഥാനത്ത് ഇസിലിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന പോലീസും രഹസ്യനേഷണ ഏജന്‍സികളും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. അതേസമയം, ഇവര്‍ രാജ്യം വിട്ടതായി സ്ഥീരികരിച്ചിരുന്നെങ്കിലും ഇസിലില്‍ ചേര്‍ന്നിരുന്നതിന് രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഡല്‍ഹിയില്‍ ഇന്റലിജന്‍സ് ബ്യൂറോ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മലയാളികളുടെ തിരോധാനം പ്രധാന ചര്‍ച്ചാ വിഷയമായത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. കാണാതായവര്‍ ഇസിലിന്‍ ചേര്‍ന്നതിന് വ്യക്തമായ സ്ഥിരീകരണമൊന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.