സന്നദ്ധ സംഘടനകള്‍ക്ക് കൂച്ചുവിലങ്ങ്; വിവാദ ബില്ലിന് ഇസ്‌റാഈല്‍ അംഗീകാരം

Posted on: July 13, 2016 5:18 am | Last updated: July 13, 2016 at 12:19 am
SHARE

ജറൂസലം: സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടുള്ള വിവാദ ബില്ലിന് ഇസ്‌റാഈല്‍ പാര്‍ലിമെന്റ് (നെസ്സെറ്റ്) അംഗീകാരം നല്‍കി. വിദേശത്തു നിന്ന് പകുതിയലധികം ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നത് സംഘടനകളുടെ നിയമപരമായ ബാധ്യതയാക്കുന്നതാണ് ബില്ല്. എന്‍ ജി ഒ ട്രാന്‍സ്പരന്‍സി ലോ എന്ന് പേരിട്ട ബില്ല് ഫലസ്തീന്‍ അനുകൂല സംഘടനകളെ ലക്ഷ്യമിട്ടുള്ളവയാണെന്ന വിമര്‍ശമാണ് ഉയരുന്നത്. വിദേശ സര്‍ക്കാറുകളില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്ന ഇടത് പശ്ചാത്തലമുള്ള സംഘടനകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കുമെന്നും സംഘടനാ വൃത്തങ്ങള്‍ പറയുന്നു.
രാജ്യത്തിന്റെ ജനാധിപത്യവും സുതാര്യതയും വര്‍ധിപ്പിക്കുന്ന ബില്ലാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുത്ത് ജൂത കൈയേറ്റം നടത്തുന്നവരെ പിന്തുണക്കുന്ന സംഘടനകളെ സംരക്ഷിക്കുകയാണ് ബില്ല് ചെയ്യുന്നത്. ഈ വലതുപക്ഷ സംഘടനകള്‍ക്ക് സര്‍ക്കാര്‍ തന്നെയാണ് ഫണ്ട് നല്‍കുന്നത്. അതുകൊണ്ട് നിയമത്തിന്റെ കുരുക്ക് അവക്ക് മേല്‍ മുറുകുന്നില്ല. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന എല്ലാ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്കും കൂച്ചു വിലങ്ങിടുകയും ചെയ്യുന്നു.
സമത്വത്തിനും തൊഴിലാളികളുടെ അവകാശത്തിനും പോരാടുന്ന സംഘടനകള്‍ മാത്രമാണ് നിയമത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടതെന്ന് പീസ് നൗ ഡയറക്ടര്‍ അനാത് ബെന്‍ പറഞ്ഞു. നിയമത്തിന്റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പീസ് നൗ വ്യക്തമാക്കി. വിദേശ സംഭാവന സ്വീകരിക്കുന്ന എന്‍ ജി ഒകള്‍ അവരുടെ സംഭാവനകളുടെ വിശദാംശങ്ങള്‍, വെബ്‌സൈറ്റില്‍ നിന്നുള്ള വരുമാനങ്ങള്‍, പരസ്യം വഴിയുള്ള വരുമാനം തുടങ്ങിയവയെല്ലാം പ്രത്യേക ഫോറം വഴി വെളിപ്പെടുത്താന്‍ നിയമം അനുശാസിക്കുന്നു. ബി ത്സേലം, ബ്രെയ്ക്കിംഗ് സൈലന്‍സ്, യാഷ് ദിന്‍, പീസ് നൗ തുടങ്ങിയ സംഘടനകളെയാകും നിയമം പിടികൂടുക.
അവ്യക്തതകള്‍ നീക്കുകയാണ് നിയമത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.