Connect with us

Kerala

ഹെഡ്‌ലൈറ്റുകളുടെ തീവ്രപ്രകാശം പരിശോധിക്കാന്‍ സംവിധാനമില്ല

Published

|

Last Updated

തിരുവനന്തപുരം: തീവ്രപ്രകാശം പൊഴിക്കുന്ന ഹെഡ് ലൈറ്റുകള്‍ അപകടത്തിനിടയാക്കുമ്പോഴും പ്രകാശ തീവ്രത പരിശോധിക്കാനുള്ള ആധുനിക സംവിധാനങ്ങളില്ലാതെ മോട്ടോര്‍ വാഹന വകുപ്പ് ദുരിതത്തില്‍. പ്രകാശ തീവ്രത അളക്കാനുള്ള ലെക്‌സ് മീറ്റര്‍ പോലുമില്ലാത്തതാണ് മോട്ടോര്‍ വാഹന വകുപ്പിനെ വെട്ടിലാക്കുന്നത്. ഹെഡ് ലൈറ്റ് ഡിപ്പ് ചെയ്യാത്തത് രാത്രികാല അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കാന്‍ വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ലെക്‌സ് മീറ്ററുകളുടെ അഭാവത്തില്‍ പരിശോധന നിലക്കുകയായിരുന്നു.
ഹെഡ് ലൈറ്റുകള്‍ക്ക് പുറമെ അധികമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ മാത്രമാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചു എന്ന കുറ്റം മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്താന്‍ കഴിയുന്നത്. എന്നാല്‍ നിലവിലെ ഹെഡ് ലൈറ്റുകള്‍ക്കുള്ളില്‍ തീവ്രപ്രകാശം പൊഴിക്കുന്ന പ്രൊജക്ടര്‍ ലാമ്പുകള്‍ ഘടിപ്പിച്ച യൂനിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ നിന്നുള്ള ശക്തമായ പ്രകാശം അപകടത്തിന് കാരണമാകുന്നുണ്ട്. ഇത്തരം ലൈറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും ഉപയോഗിക്കുന്നതും തടയണമെന്നും രാത്രികാല പരിശോധനകള്‍ കാര്യക്ഷമമാക്കണമെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ വെളിച്ചം തിട്ടപ്പെടുത്താനുള്ള സംവിധാനമില്ലാതെ വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് പരിശോധനകള്‍ അവസാനിപ്പിക്കുകയായിരുന്നു.
എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയ്യണമെന്നത് ഡ്രൈവിംഗിന്റെ പ്രാഥമിക പാഠമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ നിരത്തില്‍ വ്യാപകമായി ഇത് ലംഘിക്കപ്പെടുന്നുണ്ട്. ബോധവത്കരണത്തിലൂടെ ഇത് തടയാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് മേല്‍ മേല്‍ക്കൈ നേടുകയെന്ന മനോഭാവമാണ് ഹൈ ബീം ഉപയോഗിക്കാന്‍ പല ഡ്രൈവര്‍മാരെയും പ്രേരിപ്പിക്കുന്നതെന്നും ഉദ്യേഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
നഗരത്തിനുള്ളില്‍ ഡിം അഥവാ ലോ ബീം ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ എതിരെ വാഹനം വരുമ്പോള്‍ ഹൈ ബീമില്‍ നിന്ന് ലോ ബീമിലേക്ക് മാറ്റണം. നിലവില്‍ പുതിയ മോഡല്‍ വാഹനങ്ങളില്‍ കമ്പനി തന്നെ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് വില്‍പന അനുമതി നല്‍കുന്ന കേന്ദ്ര ഏജന്‍സികളാണ് ഇവ അംഗീകരിക്കുന്നത്. ഈ ലൈറ്റിനെതിരെ നടപടി എടുക്കാനാകില്ല. പക്ഷേ ലൈറ്റ് ഡിപ്പ് ചെയ്യുന്നില്ലെങ്കില്‍ കേസെടുക്കാമെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.