ബജറ്റ് ചര്‍ച്ച: ഉദ്യോഗസ്ഥരുടെ അസാന്നിധ്യം പരിശോധിക്കും- സ്പീക്കര്‍

Posted on: July 13, 2016 5:04 am | Last updated: July 13, 2016 at 12:05 am
SHARE

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരാകുന്നില്ലെന്ന പരാതിയില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ബജറ്റ് ചര്‍ച്ചാവേളയില്‍ പ്രതിപക്ഷത്തു നിന്ന് വി ഡി സതീശന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ക്കൊപ്പം പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന ചര്‍ച്ചാവേളയില്‍ ധനവകുപ്പിലെ അഡീഷനല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. കഴിഞ്ഞ രണ്ട് ദിവസവും ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. സഭാനടപടികളെ ഉദ്യോഗസ്ഥര്‍ നിസ്സാരവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനപ്പെട്ട കാര്യമാണ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതെന്നും പരിശോധിച്ച് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. അഡീ. ചീഫ് സെക്രട്ടറി മരണചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം.