ടി പി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ പരാതി വിധി പറയാന്‍ മാറ്റി

Posted on: July 9, 2016 6:00 am | Last updated: July 8, 2016 at 11:40 pm
SHARE

കൊച്ചി : സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്തുനിന്ന് തന്നെ മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചയ്ത് ഡി ജി പി ടി പി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതി വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മാറ്റി. വിധി പറയുന്ന തീയതി ജുഡീഷ്യല്‍ മെമ്പര്‍ എന്‍ കെ ബാലകൃഷ്ണനും അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ പത്മിനി ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ബെഞ്ച് പിന്നീട് പ്രഖ്യാപിക്കും.
കൊല്ലം ജില്ലയില്‍പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം, പെരുമ്പാവൂരിലെ ജിഷവധം എന്നീ പ്രമാദമായ സംഭവങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടും കാരണക്കാരായ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ഡിജിപി ചെയ്തതെന്ന് അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് കോടതിയില്‍ പറഞ്ഞു. പുറ്റിങ്ങല്‍ വെടിക്കെട്ടിന് ജില്ലാ ഭരണാധികാരിയായ കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും പോലീസുദ്യോഗസ്ഥന്‍ അനുമതി നല്‍കി. അപകടം നടന്നശേഷം ഈ പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ക്രമസമാധാനച്ചുമതലയുള്ള പൊലീസ് മേധാവിയില്‍നിന്നുണ്ടായത്. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ സെന്‍കുമാര്‍ വിമുഖത കാട്ടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും അന്വേഷണസംഘത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ സെന്‍കുമാര്‍ ഇടപെട്ടു.
പെരുമ്പാവൂരില്‍ ദളിത് വിഭാഗത്തില്‍പെട്ട നിയമവിദ്യാര്‍ഥിനി ജിഷ അതിക്രൂരമായി വധിക്കപ്പെട്ട കേസന്വേഷണത്തിലു പോലീസ് കൃത്യവിലോപമാണ് കാട്ടിയത്. കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതു മുതല്‍ കാണിച്ച നിഷ്‌ക്രിയത്വം പൊലീസിന്റെ കേസന്വേഷണ ചരിത്രത്തില്‍ത്തന്നെ വലിയ നാണക്കേടുണ്ടാക്കി. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞശേഷവും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഡിജിപി തയ്യാറായില്ല. തന്റെ വീഴ്ച മറക്കാന്‍ അദ്ദേഹം തെരഞ്ഞെടുപ്പു കമ്മീഷനെ മറയാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് പോലീസിന്റെ ഉത്തരവാദിത്വം. അതിനു പകരം മറ്റ് വകുപ്പുകളെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കലല്ല പൊലീസില്‍നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത്. സെന്‍കുമാറിനെ സ്ഥലം മാറ്റിയത് ഭരണ രാഷ്ട്രീയമാറ്റത്തിന്റെ ഭാഗമായല്ല. സാധാരണഗതിയില്‍ രണ്ട് വര്‍ഷംവരെ ഒരേ തസ്തികയില്‍ തുടരാമെങ്കിലും അതിനിടയില്‍ ഉചിതമെന്ന് തോന്നിയാല്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ നിയമന അധികാരമുള്ള സര്‍ക്കാരിന് 2011ലെ കേരള പോലീസ് ആക്ട് അനുമതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ‘പ്രകാശ് സിങ്’ കേസിലെ സുപ്രീംകോടതി മാനദണ്ഡം സെന്‍കുമാറിന്റെ കാര്യത്തില്‍ പ്രയോഗിക്കുന്നത് ശരിയല്ല. സെന്‍കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റുക മാത്രമാണുണ്ടായത്. അദ്ദേഹത്തിന്റെ റാങ്കിലോ ശമ്പളത്തിലോ കുറവു വരുത്തിയിട്ടില്ലെന്നും അഡ്വ. സുധാകരപ്രസാദ് വ്യക്തമാക്കി. സെന്‍കുമാറിനുവേണ്ടി അഡ്വ. എസ് ശ്രീകുമാര്‍, ഡിജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കുവേണ്ടി അഡ്വ. എം അജയ് എന്നിവര്‍ ഹാജരായി.