Connect with us

Kerala

തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദിയൊരുക്കാന്‍ 50 കോടി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദിയൊരുക്കാന്‍ 50 കോടി രൂപ ബജറ്റില്‍ വിലയിരുത്തി. നാടക തീയേറ്റര്‍, സിനിമാ തിയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഒരു കലാസാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ നാല്‍പ്പത് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

കലാ, സാംസ്‌കാരിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ശിവഗിരിയില്‍ നമുക്ക് ജാതിയില്ല എന്ന പ്രത്യേക പരാമര്‍ശത്തോടെ വിളംബര മ്യൂസിയത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തെയ്യം, പടയണി കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കും.എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി. കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ ആയിരം രൂപയാക്കി. പടയണി, തെയ്യം കലാകാരന്‍മാരെയും മേളപ്രമാണിമാരെയും ഇതില്‍ ഉള്‍പ്പെടുത്തി. നവോത്ഥാന നായകന്മാരുടെ പേരില്‍ സാംസ്‌കാരിക മണ്ഡപം നിര്‍മിക്കും. പയ്യന്നൂരില്‍ പൂരക്കളി അക്കാദമി സ്ഥാപിക്കും.

പതിനാല് ജില്ലകളിലും ഓരോ മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. 500 കോടി രൂപയാണ് ഇതിന് വേണ്ടി വകയിരുത്തിയിരിക്കുന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ പൂരക്കള അക്കാദമി സ്ഥാപിക്കും. കലവൂര്‍ ഗോപിനാഥിന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, തിരുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തനൂര്‍, ചാലക്കുടി, പ്രീതിക്കുളങ്ങര, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്‌റ്റേഡിയം സ്ഥാപിക്കും. ഇതിനായി അഞ്ച് കോടിയാണ് വകയിരുത്തിയിരിക്കുന്നത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഉള്‍പ്പെടെ വിനോദത്തിനായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം സ്ഥാപിക്കുമെന്നും ഐസക് പറഞ്ഞു.