ഏക സിവില്‍കോഡ്: നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

Posted on: July 1, 2016 9:40 pm | Last updated: July 2, 2016 at 11:13 am
SHARE

modi
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് പഴുതുതേടി കേന്ദ്രം. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്. വിഷയം നിയമ കമ്മീഷന് വിടുമെന്ന് നിയമ മന്ത്രി സദാനന്ദ ഗൗഡ നേരത്ത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമ മന്ത്രാലയത്തിന്റെ നടപടി.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ബി എസ് ചൗഹാന്റെ അധ്യക്ഷതയിലുള്ള കമ്മീഷനോടാണ് നിയമ മന്ത്രാലയം നിര്‍ദേശിച്ചത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് ഭരണഘടനയുടെ 44ാം വകുപ്പിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. വ്യക്തിനിയമങ്ങള്‍ക്കും ഏകീകൃത സിവില്‍കോഡ് ബാധകമാണെന്ന് സുപ്രീം കോടതി 1985ലെ ഷാബാനാ കേസില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍, സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നത് മറികടക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ശ്രമം നടത്തുകയായിരുന്നു.
രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും വിവിധ മുസ്‌ലിം സംഘടനകളും ശക്തമായി എതിര്‍ത്തുവരികയാണ്. ഇതിനിടെയാണ് സിവില്‍കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രം തേടിയത്. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചും സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചത്. നിയമ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം ചെയര്‍മാന്‍ ജസ്റ്റിസ് ബി എസ് ചൗഹാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നിയമ കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, വിവിധ വ്യക്തിനിയമ ബോര്‍ഡുകളുമായി വിശദമായ ചര്‍ച്ച നടത്തി സമവായത്തിലൂടെ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഗൗഡ പറഞ്ഞു.
മുസ്‌ലിംകള്‍ക്കിടയിലെ മുത്തലാഖ് വിഷയത്തില്‍ ഷഹ്‌റ ബാനുവെന്ന യുവതി നല്‍കിയ ഹരജി ഈ മാസം ആറിന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഏക സിവില്‍കോഡിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം, ഉത്തര്‍ പ്രദേശ് തിരിഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കമാണ് ഏക സിവില്‍കോഡിന് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.