യൂറോ ആദ്യ സെമിയില്‍ ഇന്ന്: പോളണ്ട് പോര്‍ച്ചുഗലിനെ നേരിടും

>>മത്സരം രാത്രി 12.30ന് സോണി സിക്‌സില്‍ തത്സമയം
Posted on: June 30, 2016 6:08 am | Last updated: June 30, 2016 at 1:11 am
പോളണ്ട് ടീം പരിശീലനത്തില്‍
പോളണ്ട് ടീം പരിശീലനത്തില്‍

പാരീസ്: പുല്‍മൈതാനങ്ങള്‍ക്ക് തീപ്പിടിക്കുന്ന പോരാട്ടത്തിന്റെ നാളുകള്‍ വരവായി.. യൂറോ 2016 ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ പോളണ്ട് പോര്‍ച്ചുഗലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ കീഴടക്കി പോളണ്ട് അവസാന ഏട്ടില്‍ എത്തിയപ്പോള്‍, തോല്‍വിയറിയാതെ മുന്നേറിയ ക്രൊയേഷ്യയെ ഒരു ഗോളിന് കീഴടക്കിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ നിലയുറപ്പിച്ചത്.
കഴിഞ്ഞ യൂറോയിലെ സെമി ഫൈനലിസ്റ്റുകളായ പോര്‍ച്ചുഗലും ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച പോളണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ കനത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. 2012 യൂറോയുടെ സെമി പോരാട്ടത്തില്‍ സ്‌പെയിനിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പറങ്കിപ്പട മടങ്ങിയത്. എന്നാല്‍ ഇത്തവണ അവര്‍ കിരീടത്തിലേക്ക് തന്നെയാണ് നോട്ടമിടുന്നത്.
ക്ലബ്ബ് ഫുട്‌ബോളില്‍ നക്ഷത്രത്തിളക്കത്തോടെ റയല്‍ മാഡ്രിഡിനായി ഗോളടിച്ചുകൂട്ടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് രാഷ്ട്രത്തിനായി ഒരു വലിയ കിരീടം ഇതുവരെ നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാലങ്ങളായി ഈ വിമര്‍ശനം ഉന്നയിക്കുന്നവരോട് മധുര പ്രതികാരം ചെയ്യാന്‍ ക്രിസ്റ്റ്യാനോക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ഇതേ സാഹചര്യത്തിലൂടെ കടന്നുപോയ ഇതിഹാസ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത് റൊണാള്‍ഡോക്കുമുള്ള മുന്നറിയിപ്പായി കരുതുന്നവരും കുറവല്ല. രാജ്യത്തിനായി ഒരു പ്രധാന കിരീടം പോലും നേടിക്കൊടുക്കാനാത്തതിന്റെ വികാരക്ഷോഭത്തില്‍ പൊടുന്നെനെയായിരുന്നു മെസിയുടെ പിന്‍വാങ്ങല്‍. ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാതിരിക്കണമെങ്കില്‍ പോര്‍ച്ചുഗീസ് പടനായകന് ഇന്ന് ജയിച്ച് മുന്നേറിയേ തീരൂ. ഇല്ലെങ്കില്‍ യൂസേബിയോ, ലൂയിസ് ഫിഗോ എന്നീ പോര്‍ച്ചുഗല്‍ ഇതിഹാസങ്ങളുടെ പട്ടികയില്‍ റോണോയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടേക്കും.
വന്ന വഴി
1996 ന് ശേഷം തുടര്‍ച്ചയായി ആറാം തവണയാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതില്‍ നാല് തവണ അവര്‍ സെമിയിലുമെത്തി. എന്നാല്‍ ഇത്തവണ ഒട്ടും ആധികാരികമായിരുന്നില്ല പോര്‍ച്ചുഗലിന്റെ യാത്ര. ഈ യൂറോയില്‍ പ്രീ ക്വാര്‍ട്ടറില്‍ നേടിയ ഒരു ജയം മാത്രമേ അവരുടെ ക്രെഡിറ്റിലുള്ളൂ. കളം നിറഞ്ഞുകളിച്ച ക്രൊയേഷ്യക്കെതിരെ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണവര്‍ അന്ന് ജയിച്ചുകയറിയത്. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ ഗോള്‍ നേടിയ റിക്കാര്‍ഡോ ക്വരെസ്മയാണ് രക്ഷകനായത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തിലും സമനില വഴങ്ങിയ അവര്‍ കഷ്ടിച്ച് രക്ഷപ്പെട്ടാണ് പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലെത്തിയത്. ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്തായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച പറങ്കികള്‍ക്ക് തുണയായത് ഗോള്‍ ശരാശരിയിലെ ആധിക്യമായിരുന്നു. അവസാന മത്സരത്തില്‍ ഹംഗറിയോട് 3-3ന് സമനില നേടിയതാണ് അവര്‍ക്ക് രക്ഷയായത്. ഓസ്ട്രിയക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ക്രിസ്റ്റ്യാനോ ഹംഗറിക്കെതിരെ രണ്ട് ഗോള്‍ നേടി ഫോമിലേക്ക് തിരികെയെത്തിയിരുന്നു. എന്നാല്‍ ക്രോയേഷ്യക്കെതിരെ സൂപ്പര്‍ താരം വീണ്ടും നിറം മങ്ങി. പോളണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ റോണോ മിന്നും പ്രകടനം പുറത്തെടുത്ത് പോര്‍ച്ചുഗലിനെ അവസാന നാലില്‍ എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രീ ക്വാര്‍ട്ടറിലെ ആവേശപ്പോരില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് (5-4) പോളണ്ടിന്റെ കുതിപ്പ്. 1982 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച ശേഷം, ഒരു പ്രധാന ടൂര്‍ണമെന്റില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. പെനാല്‍റ്റി നഷ്ടമാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്രാനിറ്റ് ഷാക്കയുടെ പിഴവാണ് അവര്‍ക്ക് ചരിത്രക്കുതിപ്പിന് വഴിയൊരുക്കിയത്. ഗ്രൂപ്പ് മത്സത്തില്‍ രണ്ട് ജയവും ഒരു സമനിലയും നേടിയ അവര്‍ ടൂര്‍ണമെന്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല. വടക്കന്‍ അയര്‍ലാന്‍ഡിനെയും ഉക്രൈനെയും തോല്‍പ്പിച്ച അവര്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെയാണ് സമനിലയില്‍ തളച്ചത്.
പ്രതിരോധത്തിലൂന്നിയാണ് പരിശീലകന്‍ വഌദിമിര്‍ പെട്രോവിച് തന്ത്രങ്ങള്‍ മെനയുന്നത്. ഈ യൂറോയില്‍ ആകെ സ്‌കോര്‍ ചെയ്തത് മൂന്ന് ഗോളുകള്‍ മാത്രം. വഴങ്ങിയതാകട്ടെ ഒന്നും. ഈ രീതിയില്‍ ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും ആക്രമങ്ങളെ സമര്‍ഥമായി പ്രതിരോധിക്കാന്‍ കഴിയുമെന്ന് പോളണ്ട് കണക്കുകൂട്ടുന്നു.
ക്രിസ്റ്റ്യാനോക്കൊപ്പം നാനിയും ക്വെരെസ്മയും ചേരുന്ന പോര്‍ച്ചുഗല്‍ ടീം കണക്കിലെ കളികളില്‍ പോളണ്ടിനെക്കാള്‍ മുന്നിലാണ്. ഇതുവരെ അവര്‍ അഞ്ച് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ മൂന്നെണ്ണം വഴങ്ങി. മൂന്ന് മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി ആരാധകരുടെ ഹൃദയം കവര്‍ന്ന റെനാറ്റോ സാഞ്ചസ് എന്ന പതിനെട്ടുകാരന്‍ പോര്‍ച്ചുഗലിന്റെ തുറുപ്പ് ചീട്ടാണ്. ക്രോയേഷ്യക്കെതിരെ സാഞ്ചസിലൂടെയായിരുന്നു വിജയ ഗോള്‍ പിറന്നത്.. കളം നിറഞ്ഞ് കളിക്കുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്ത സാഞ്ചസ് കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. പോളണ്ടിനെതിരായ മത്സരത്തില്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്, സാഞ്ചസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.
കരുത്തരുടെ നിരയുണ്ട് പോളണ്ടിനൊപ്പം. ഗ്രൂപ്പ് ഘട്ടത്തില്‍ നിരാശ സമ്മാനിച്ച സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി ക്വാര്‍ട്ടറില്‍ ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചുതുടങ്ങിയത് അവര്‍ക്ക് ആശ്വാസമാണ്. ഒപ്പം ഒപ്പം മിലിക്, ഗ്ലിക്ക്, ബ്ലസ്‌ചെകോവ്‌സ്‌കി, ക്രികോവിയാക് തുടങ്ങിയവരും കളം നിറഞ്ഞാല്‍ പോര്‍ച്ചുഗലിന് അത് പിടിപ്പത് പണിയാകും.
” പോര്‍ച്ചുഗല്‍ കരുത്തരായ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമാണെന്നത് ശരിയാണ്. അവരുടെ കരുത്ത് ഞങ്ങള്‍ക്കറിയാം. നാല് വര്‍ഷമായി മികച്ച പ്രകടനമാണ് അവര്‍ പുറത്തെടുക്കുന്നത്. പക്ഷേ, ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണ്. ഞങ്ങളുടെ കരുത്തുറ്റ പ്രകടനം പുറത്തെടുക്കും. ലോക നിലവാരമുള്ള താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്” പോളണ്ട് താരമായ ബ്ലസ്‌ചെകോവ്‌സ്‌കി പറയുന്നു.
നേര്‍ക്കുനേര്‍
ഒരു വലിയ ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. 1986 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ പോളണ്ട് 1-0ത്തിന് ജയിച്ചു. 2002 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ 4-0ത്തിന് ജയം സ്വന്തമാക്കി. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും പോളണ്ട് തോറ്റിട്ടില്ല. ഒരു മത്സരം അവര്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി.