ഐ ഐ ടി സ്ഥിരം ക്യാമ്പസിന് 390 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു

Posted on: June 27, 2016 9:41 am | Last updated: June 27, 2016 at 9:41 am

പാലക്കാട്:ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ(ഐ ഐ ടി) സ്ഥിരം ക്യാമ്പസിനു കണ്ടെത്തിയ 506.19 ഏക്കറില്‍ ഇതുവരെ 390 ഏക്കര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ബാക്കി ഏറ്റെടുക്കല്‍ ഇനിയും വൈകാനാണു സാധ്യത. സ്ഥിരം ക്യാംപസ് നിര്‍മാണം ആരംഭിക്കാന്‍ സംസ്ഥാനം സ്ഥലം കൈമാറുന്നതും കാത്തിരിക്കുകയാണ് ഐ ഐ ടി അധികൃതര്‍. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു ഭൂമി ഏറ്റെടുക്കല്‍ കൂടുതല്‍ വൈകിയത്. മാര്‍ച്ചില്‍ മുഴുവന്‍ ഭൂമിയും ഐഐ ടിക്കു കൈമാറാന്‍ നീക്കം നടന്നെങ്കിലും പെരുമാറ്റച്ചട്ടം തടസമായി. മൂന്നുമാസത്തിനകം സ്ഥലം പൂര്‍ണമായി ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിലും വിലത്തര്‍ക്കവും ചര്‍ച്ചകളുമായി നടപടി നീണ്ടു. സ്ഥലവില, അനുബന്ധചെലവ് എന്നിവക്കായി 160 കേ!ാടി രൂപ അനുവദിച്ചിട്ടുണ്ട്. കഞ്ചിക്കോട് വെസ്റ്റിലാണ് സ്ഥിരംക്യാംപസിനുള്ളഭൂമി. മെ!ാത്തം സ്ഥലത്തില്‍ 366.39 ഏക്കര്‍ സ്വകാര്യഭൂമിയാണ്. പഞ്ചായത്ത്–പുറമ്പോക്ക് 20.78 ഏക്കര്‍, വനഭൂമി–49 ഏക്കര്‍, റവന്യു ഭൂമി 70.02 ഏക്കര്‍. സ്വകാര്യഭൂമിയില്‍ 110 ഏക്കറാണ് ഇനി ഏറ്റെടുക്കാനുളളത്. അതില്‍ 10 ഏക്കറിന്റെ കാര്യത്തില്‍ സംസ്ഥാന എംപവര്‍ കമ്മിറ്റിയുടെ അംഗീകാരം മതി. 40 ഏക്കര്‍ കുടുംബത്തര്‍ക്കത്തെ തുടര്‍ന്നു നിയമനടപടിയില്‍പ്പെട്ടതാണ്. ഉടമകളാരാണെന്ന് തിരിച്ചറിയാത്ത 20 ഏക്കറുണ്ട്. സ്ഥലത്തിനു വിലപേ!ാരെന്ന നിലപാടിലാണ് 40 ഏക്കര്‍ ഭൂമിയുടെ ഉടമകള്‍.വനം, പഞ്ചായത്ത്, വ്യവസായവകുപ്പുകളുടെ ഭൂമിസംബന്ധിച്ച നടപടികളും പൂര്‍ത്തിയായി. വനംഭൂമിക്കു പകരംഭൂമി അട്ടപ്പാടിയില്‍ കണ്ടെത്തി. സ്വകാര്യവ്യക്തികളുടെ ഭൂമി വിലയായി ഇതുവരെ 100 കോടി വിതരണം ചെയ്തു. റവന്യുവകുപ്പ് ഭൂമി ഏറ്റെടുക്കുന്ന ഭൂമി ഉന്നതവിദ്യഭ്യാസവകുപ്പ് മുഖേനയാണ് ഐ ഐടിക്കു കൈമാറേണ്ടത്. സ്ഥലത്തിനു മതില്‍ നിര്‍മിക്കേണ്ടതും സംസ്ഥാനമാണ്. അതിന്റെ ചെലവ് ഐ ഐടി പിന്നീട് മടക്കി നല്‍കും. നിയമപ്രശ്‌നങ്ങളുളള ഭൂമിസംബന്ധിച്ച നടപടി കോടതിക്കു പുറത്തു തീര്‍ക്കാനാണു ശ്രമം.ഇതു വിജയിച്ചില്ലെങ്കില്‍ ഭൂമിയുടെ വില കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കാമെന്നാണ് അധികൃതര്‍ക്കുളള നിയമോപദേശം. വാളയാറിനു സമീപം അഹല്യ ക്യാംപസില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഐഐടിയില്‍ ഈ വര്‍ഷം രണ്ടാംബാച്ച് വരുന്നതോടെ സ്ഥലസൗകര്യപ്രശ്‌നം ഉയരാന്‍ ഇടയുണ്ട്. അതിനാല്‍ ഉടന്‍ കെട്ടിടനിര്‍മാണം ആരംഭിക്കാനുളള ഒരുക്കത്തിലാണ് അവര്‍. ഏറ്റെടുത്ത ഭൂമിയില്‍ തിരഞ്ഞെടുപ്പിനു മുന്‍പ് തറക്കല്ലിടാന്‍ മുന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല