യു എസുമായി അയ്യായിരം കോടിയുടെ ആയുധ ഇടപാടിന് അംഗീകാരം

Posted on: June 26, 2016 12:25 am | Last updated: June 26, 2016 at 12:25 am
SHARE

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 145 അള്‍ട്രാലൈറ്റ് ഹോവിറ്റ്‌സര്‍ പീരങ്കികള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. 750 മില്യണ്‍ ഡോളര്‍ (ഏകദേശം അയ്യായിരം കോടി)വില വരുന്നതാണ് ഇത്. പതിനെട്ട് ധനുഷ് ആര്‍ട്ടിലറി തോക്കുകള്‍ വന്‍തോതില്‍ നിര്‍മിക്കാനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ബോഫേഴ്‌സ് വിവാദത്തന് ശേഷം മൂന്ന് ദശകം പിന്നിടുമ്പോഴാണ് ഇത്രയും വലിയ തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കുന്നത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ആണ് ഈ അനുമതികള്‍ നല്‍കിയത്.
28,000 കോടി രൂപ മൂല്യമുള്ള 18 നിര്‍ദേശങ്ങളാണ് കൗണ്‍സിലിന് മുമ്പില്‍ വന്നത്. ‘ബൈ ഇന്ത്യന്‍’ കാറ്റഗറിയില്‍ ആറ് പുതുതലമുറ മിസൈല്‍ വാഹിനികള്‍ നിര്‍മിക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നതിനും കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. 13,600 കോടി രൂപയുടെ പ്രോജക്ടാണ് ഇത്.
ഫോറിന്‍ മിലിറ്ററി സെയില്‍സ് (എഫ് എം എസ്) റൂട്ടിലാണ് യു എസില്‍ നിന്ന് അള്‍ട്രാ ലൈറ്റ് ഹോവിറ്റ്‌സര്‍ പീരങ്കികള്‍ വാങ്ങിക്കുക. ഗതാതഗത ചെലവ് കാര്യമായി കുറക്കാന്‍ ഉപകരിക്കുന്നവയാണ് ഈ വെടിക്കോപ്പുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഡി എ സി അനുമതി നല്‍കിയതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവക്ക് 25 കിലോമീറ്റര്‍ പരിധിയില്‍ പ്രഹര ശേഷിയുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. യു എസിന് ഇത് സംബന്ധിച്ച് അപേക്ഷ അയച്ചിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശ്, ലഡാക് തുടങ്ങിയ ഹൈ ആള്‍ട്ടിറ്റിയൂഡ് മേഖലയിലാണ് ഇവ വിന്യസിക്കുക.