മൂന്നു പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ഖത്വര്‍

Posted on: June 25, 2016 8:02 pm | Last updated: June 25, 2016 at 8:02 pm

tele scope-586x362ദോഹ: സൗരയുഥത്തിന് പുറത്ത് മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന മൂന്ന് പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ഖത്വരി ശാസ്ത്രജ്ഞര്‍. ഖത്വര്‍ എക്‌സോപ്ലാനെറ്റ് സര്‍വേയിലാണ് വ്യാഴത്തേക്കാള്‍ വലിയ ഗ്രഹങ്ങള്‍ കണ്ടെത്തിയത്. ഇവക്ക് ഖത്വര്‍ 3 ബി, ഖത്വര്‍ 4 ബി, ഖത്വര്‍ 5 ബി എന്നീ പേരുകളിട്ടു.
ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുടെ ഭാഗമായ ഖത്വര്‍ എന്‍വിയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. ഗ്രഹസാന്നിധ്യം വിശദീകരിക്കാന്‍ അടുത്ത ആഴ്ച ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ മെക്‌സിക്കോയില്‍ രാജ്യാന്തര ഗവേഷകരുടെ യോഗം വിളിച്ചിട്ടുണ്ട്. റോയല്‍ ആസ്‌ട്രോണമി സൊസൈറ്റിയുടെ കീഴിലുള്ള മാഗസിന്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഗ്രഹങ്ങളുടെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.
ഖത്വറിലെ ആദ്യ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ഖാലിദ് എ അല്‍ സുബാഇ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ പുതിയ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. വാതക സമ്പുഷ്ടമായ ഹോട്ട് ജ്യൂപിറ്റര്‍ കുടുംബത്തിലാണ് പുതിയ മൂന്ന് ഗ്രഹങ്ങളും ഉള്‍പ്പെടുന്നതെന്നും ഒരു തവണ വലംവെക്കാന്‍ 1.8ഉം 2.8ഉം ഭൗമ ദിനങ്ങളാണ് പുതിയ ഗ്രഹങ്ങള്‍ സമയമെടുക്കുന്നതെന്നും ഇന്‍സ്റ്റിറ്റിയൂട്ട് ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ അല്‍ സുബാഇ പറഞ്ഞു.
ഖത്വര്‍ 4 ബിയെ അപേക്ഷിച്ച് ഖത്വര്‍ 3 ബി, ഖത്വര്‍ 5 ബി എന്നിവ ചെറുതാണ്. 2010ല്‍ ഖത്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഖത്വര്‍ 1 ബി ഗ്രഹം കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്വര്‍ 2 ബി, ഖത്വര്‍ 2 സി എന്നിവയും കണ്ടെത്തി. ഖത്വര്‍ ഫൗണ്ടേഷന്റെ നാഷണല്‍ റിസര്‍ച്ച് ഫണ്ടില്‍ നിന്നും ആറ് മില്യന്‍ ഡോളറാണ് ഖത്വറിന്റെ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.