മാനസികാരോഗ്യ റിപ്പോര്‍ട്ടിംഗിന് ജേണലിസ്റ്റുകള്‍ക്ക് ഫെല്ലോഷിപ്പ്

Posted on: June 25, 2016 7:54 pm | Last updated: June 25, 2016 at 7:54 pm

ദോഹ: മാനസികാരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനുമായി വിഷ് ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ റിപ്പോര്‍ട്ടിംഗിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫെല്ലോഷിപ്പ് നല്‍കുന്നു. അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ട്ടര്‍ സെന്ററുമായി സഹകരിച്ചാണ് വിഷ് ഫെല്ലോഷിപ്പ് നല്‍കുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സംഭവങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളായി പുറം ലോകത്തെത്തിക്കുന്നതിന് ഫെല്ലോഷിപ്പ സഹായകമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
ഖത്വറില്‍നിന്ന് വിഷ് ആണ് മാധ്യമ പ്രവര്‍ത്തകരെ ഫെല്ലോഷിപ്പിനായി തിരഞ്ഞെടുക്കുക. ശേഷം ഇവിടെയും അറ്റ്‌ലാന്റയിലുമായി പരിശീലനം നല്‍കും. എജുക്കേഷനല്‍ മെറ്റീരിയല്‍സ്, മെന്റര്‍ഷിപ്പ്, ഇവാല്വേഷന്‍ ടൂള്‍സ് തുടങ്ങിയവ നല്‍കും. മികച്ച പരിശീലനവും പ്രവര്‍ത്തനവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതിനുമായി നയാസൂത്രണം നടത്തിയ ലോകത്തെ ആദ്യ രാജ്യമാണ് ഖത്വര്‍ എന്നും ശൈഖ മൗസ ബിന്‍ത് നാസറിന്റെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഈ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും വിഷ് സി ഇ ഒ എഗ്ബര്‍ട്ട് ഷില്ലിംഗ്‌സ് പറഞ്ഞു.
മാനസികാരോഗ്യത്തിനു കാരണമാകുന്ന വിപരീതദിശയിലുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാനസീക രോഗമുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും ശക്തി പകരുന്നതുമായ വാര്‍ത്തകള്‍കൂടി സൃഷ്ടിച്ച് സമൂഹത്തില്‍ പോസിറ്റീവ് വിചാരങ്ങള്‍ രൂപപ്പെടുത്തുന്നതിനു വേണ്ടി പദ്ധതി ആസൂത്രണം ചെയ്തതെന്നും എഗ്ബര്‍ട്ട് ഷില്ലിംഗ്‌സ പറഞ്ഞു.
മാനസികാരോഗ്യ വിഷയങ്ങളില്‍ അവഗാഹം നേടിയവര്‍ക്കു മാത്രമേ ആഴത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ കഴിയൂ. പൊതുവായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീപിക്കേണ്ട മേഖലയല്ല ഇത്. പരിശീലനത്തില്‍ ഇത്തരം വിഷയങ്ങളില്‍ മുഖ്യമായി വരും.