പരിസ്ഥിതി സൗഹൃദ നഗരം: ദുബൈക്ക് രാജ്യാന്തര തലത്തില്‍ എട്ടാം സ്ഥാനം

Posted on: June 24, 2016 9:08 pm | Last updated: June 24, 2016 at 9:08 pm

harithapa nagaramദുബൈ: പരിസ്ഥിതി സൗഹൃദ നഗരങ്ങളുടെ ആഗോള പട്ടികയില്‍ ദുബൈക്ക് എട്ടാം സ്ഥാനം. ലോകത്തിലെ ഏറ്റവും മികച്ച 10 പരിസ്ഥിതി സൗഹൃദ നഗരങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് ദുബൈ എട്ടാം സ്ഥാനത്ത് ഇടംപിടിച്ചത്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സോളിഡയസാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. പാരീസിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് ലണ്ടനുമാണ് പട്ടികയില്‍ ഇടംപിടിച്ചത്. സിഡ്‌നി(നാല്), ടോക്കിയോ(അഞ്ച്), ഹോംകോംഗ്(ആറ്), ന്യൂയോര്‍ക്ക്(ഏഴ്), ബീജിംഗ്(ഒമ്പത്), ഷാങ്ഹായ്(10) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ സ്ഥാനം. 43.5 ശതമാനം സ്‌കോറോടെയാണ് ദുബൈ എട്ടാം സ്ഥാനത്ത് എത്തിയത്. പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പ്രധാനമായും നാലു കാര്യങ്ങളാണ് തിരഞ്ഞെടുപ്പിന് മാനദണ്ഡമാക്കിയിരുന്നത്. നഗരത്തിലെ പച്ചപ്പിന്റെ ശതമാനം, പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നതില്‍ കെട്ടിടങ്ങള്‍ വഹിക്കുന്ന പങ്ക്, പരിസ്ഥിതി സൗഹൃദ നയങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയവയായിരുന്നു ഇതില്‍ പ്രധാനം.
ഒന്നും രണ്ടും സ്ഥാനത്തെത്തിയ പാരീസും സിംഗപ്പൂരും പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. പ്രാദേശികവും രാജ്യാന്തരവുമായ ഈ രംഗത്തെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് കെട്ടിടങ്ങള്‍ പണിയുന്നത്. ഇത് പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. നഗരത്തിലെ മൊത്തം പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങളുടെ എണ്ണവും അവയുടെ മികച്ച പ്രവര്‍ത്തനവുമാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയ നഗരങ്ങള്‍ക്ക് നേട്ടമായത്. ലണ്ടണിലാണ് ഏറ്റവും കൂടുതല്‍ പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണം നടക്കുന്നത്. മൊത്തം നിര്‍മാണത്തിന്റെ 68 ശതമാനം വരുമിത്. പാരീസില്‍ ഇത് 64 ശതമാനവും സിംഗപ്പൂരില്‍ 48 ശതമാനവുമാണ്. ഇവിടങ്ങളിലെല്ലാം മൊത്തം നിര്‍മിതിയുടെ 50 ശതമാനത്തില്‍ അധികം പരിസ്ഥിതി സൗഹൃദ മാനദണ്ഡമായ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാണെന്ന് ചുരുക്കം. കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് കുറഞ്ഞ നഗരങ്ങളില്‍ പാരീസിനാണ് ഒന്നാം സ്ഥാനമെന്നും സോളിഡയസ് പട്ടിക വ്യക്തമാക്കുന്നു.