കാലിക്കറ്റില്‍ പരീക്ഷാഫലം വൈകുന്നു: വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ ആശങ്കയില്‍

Posted on: June 23, 2016 5:55 am | Last updated: June 23, 2016 at 11:56 pm
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല റഗുലര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം ഒരു മാസം മുമ്പ് പ്രസിദ്ധീകരിച്ചിട്ടും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം വൈകുന്നു. ബി എഡിന് അപേക്ഷിക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും പരീക്ഷാഫലം വരാത്തതിനാല്‍ ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ പരീക്ഷ റഗുലര്‍ പരീക്ഷ കഴിഞ്ഞാണ് നടത്തിയത് എന്ന കാരണമാണ് കാലതാമസത്തിന് ആധാരമായി സര്‍വകലാശാല അധികൃതര്‍ ഉന്നയിക്കുന്നതെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ‘ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ റഗുലറിന്റെ ഫലം വന്ന് ഒരു മാസം കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്തത് നീതികരിക്കാവുന്നതല്ലെന്ന് അസോസിയേഷന്‍ ‘ഭാരവാഹികള്‍ വ്യക്തമാക്കി. ഈ വിഭാഗം വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ തയ്യാറാകുന്നില്ലെന്നതടക്കമുള്ള മുടന്തന്‍ ന്യായീകരണങ്ങളാണ് സര്‍വകലാശാലയുടെ ‘ഭാഗത്ത് നിന്നുണ്ടാകുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ വിരമിച്ച അധ്യാപകരെയും യോഗ്യരായ മറ്റ് അധ്യാപകരെയും ഉള്‍പ്പെടുത്തി അധ്യാപക ബേങ്ക് രൂപവത്കരിക്കണമെന്നും അതുവഴി റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ വിദൂര വിഭാഗം വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിക്കണമെന്നും അസോസിയേഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിനാവശ്യമായ നടപടികളൊന്നും എടുക്കാതെ സര്‍വകലാശാല അനാസ്ഥ കാട്ടുകയായിരുന്നു. പരീക്ഷാ ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ കൂടി നിവേദനം നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും അസോസിയേഷന്‍ രക്ഷാധികാരി പി രാജേഷ് മേനോന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ.ജി. രാജീവന്‍, കെ എസ് വിമല്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here