ആരോഗ്യ പദ്ധതികള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കും: ശൈലജ ടീച്ചര്‍

Posted on: June 23, 2016 5:43 am | Last updated: June 23, 2016 at 12:44 am

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ യു എന്‍ ഒയുടെ നേത്രത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുമെന്ന് കെ കെ ശൈലജ.
സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്ന മേഖലകളില്‍ ഒന്നാണ് ആരോഗ്യ മേഖല. യു എന്‍ ഒ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ മൂന്നാമത്തെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നത് ആരോഗ്യ മേഖലയുടെ പുരോഗതിയെ കുറിച്ചാണ്.
2015 മുതല്‍ ലോകത്തുള്ള എല്ലാ ആരോഗ്യ നയങ്ങളും ഈ ലക്ഷ്യങ്ങളുടെ ചുവടു പിടിച്ചാണ് രൂപവത്കരിക്കുന്നത്. മാതൃമരണം, ശിശുമരണം, എയ്ഡ്‌സ്, ടി ബി, മലേറിയ, ജലജന്യ രോഗങ്ങള്‍, മറ്റു സാംക്രമിക രോഗങ്ങള്‍ എന്നിവയെ നേരിടുക.
ജീവിത ശൈലീ രോഗങ്ങളില്‍ നിന്നുള്ള മരണം മൂന്നിലൊന്നായി കുറക്കുക, മയക്കു മരുന്നു, മദ്യം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കല്‍, റോഡ്, ട്രാഫിക് അപകടങ്ങളില്‍ നിന്നുള്ള മരണം കുറക്കല്‍ കുടുംബ ക്ഷേമം അടക്കമുള്ള പ്രജനന ആരോഗ്യം ഉറപ്പ് വരുത്തല്‍, യൂനിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ്, സുരക്ഷിതവും ഗുണമേന്മയും ചെലവുകുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കല്‍, എല്ലാവര്‍ക്കും ആവശ്യമായ മരുന്ന് ലഭ്യത ഉറപ്പു വരുത്തുക, അന്തരീക്ഷ ജലമലിനീകരണത്തില്‍ നിന്നുള്ള മരണങ്ങളും, രോഗങ്ങളും കുറക്കുക എന്നിങ്ങനെ ഒമ്പത് ഉപലക്ഷ്യങ്ങള്‍ ഈ വികസന പദ്ധതിക്ക് ഉണ്ട്.
ഇവയില്‍ കേരളം കൈവരിക്കേണ്ട ലക്ഷ്യം സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതാണ്. ഈ മേഖലയിലെ വിദഗ്ധരുമായി ആലോചിച്ച് കേരളത്തിലെ സാഹചര്യത്തിനും ആവശ്യങ്ങള്‍ക്കും അനുയോജ്യവും ആവശ്യവുമായ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് അവശ്യപ്പെട്ടു. ഇവ ഒരു മാസത്തിനകം സര്‍ക്കാര്‍ പ്രഖ്യാപിക്കും.
വിവിധ മേഖലകളില്‍ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ആരോഗ്യ രംഗത്ത് അന്തരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ആരോഗ്യ സാമൂഹിക ക്ഷേമ മേഖലയുടെ സാര്‍വതോന്മുഖമായ പുരോഗതി ഇത് വഴി നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.