വിരലുകളില്‍ ശസ്ത്രക്രിയ; കുട്ടി അബോധാവസ്ഥയില്‍

Posted on: June 21, 2016 6:01 am | Last updated: June 21, 2016 at 1:10 am

lakshayബെംഗളൂരു: വിരലുകള്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ അഞ്ച് വയസ്സുകാരന്‍ അബോധാവസ്ഥയിലായത് സംബന്ധിച്ച് അന്വേഷണത്തിന് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
ക്ലാസ് മുറിയില്‍ ഡസ്‌കിനിടയില്‍ കുടുങ്ങി വിരലുകള്‍ക്ക് പരുക്കേറ്റ് ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലക്ഷയ് എന്ന വിദ്യാര്‍ഥിയാണ് കഴിഞ്ഞ പത്ത് ദിവസമായി അബോധാവസ്ഥയില്‍ തുടരുന്നത്. രണ്ട് കൈവിരലുകള്‍ക്ക് പരുക്കേറ്റിരുന്നുവെന്നും അതില്‍ ഒരു വിരല്‍ നഷ്ടപ്പെടുമെന്നും രണ്ടാമത്തെ വിരലിന് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നതായി ലക്ഷയിന്റെ പിതാവ് പുരുഷോത്തം പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവന്ന ഡോക്ടര്‍ അറിയിച്ചത്, കുട്ടിയുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്നില്ലെന്നും അവന്‍ അബോധാവസ്ഥയിലായിരിക്കുന്നു എന്നുമാണെന്ന് പിതാവ് പറഞ്ഞു. കുട്ടി ഇപ്പോള്‍ മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മല്യ ആശുപത്രി അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) ശാലിനി രജനീഷ് അറിയിച്ചു.