വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കും: കേന്ദ്ര മാനവശേഷി സഹമന്ത്രി

Posted on: June 20, 2016 10:47 am | Last updated: June 20, 2016 at 4:21 pm

katheriyaലക്‌നൗ: രാജ്യത്തിന് ഗുണകരമാണെങ്കില്‍ വിദ്യാഭ്യാസരംഗം കാവിവല്‍ക്കരിക്കുമെന്ന് കേന്ദ്ര മാനവവിഭശേഷി വകുപ്പ് സഹമന്ത്രി റാം ശങ്കര്‍ കതേരിയ. ലക്‌നൗ സര്‍വകലാശാലയിലെ ചടങ്ങില്‍ ശനിയാഴ്ച്ചയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഞങ്ങളുടെ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് ചില ആളുകള്‍ പറയുന്നതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിക്കുന്നു. വിദ്യാഭ്യാസരംഗത്തും രാജ്യത്തും കാവിവല്‍ക്കരണം ഉറപ്പായും നടപ്പാക്കുമെന്ന് ഞാന്‍ പറയുന്നു. രാജ്യത്തിന് എന്തൊക്കെയാണ് നല്ലതെന്ന് കണ്ടെത്തിയാല്‍ അതൊക്കെ നടപ്പാക്കും. കാവിവല്‍ക്കരണമോ സംഘവാദമോ എന്തായാലും നടപ്പാക്കും.

ദീര്‍ഘനാളുകളായി ഞങ്ങള്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ആര്‍ക്കെതിരെയും ഞങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടില്ല. ഇന്ന് രാജ്യത്തിന്റെ അവസ്ഥ പരിഗണിച്ച് രാജ്യക്ഷേമത്തിനായും അഭിമാനം വീണ്ടെടുക്കാനും എന്താണോ ആവശ്യം അത് നടപ്പാക്കും. മഹാറാണാ പ്രതാപിനെക്കുറിച്ചും ശിവജിയെക്കുറിച്ചും നമ്മുടെ കുട്ടികള്‍ വായിച്ചില്ലെങ്കില്‍ പിന്നെ അവര്‍ ജെങ്കിസ്ഖാനെ കുറിച്ച് വായിക്കുമോ? മന്ത്രി ചോദിച്ചു.