ഫ്രാന്‍സിലെ സമരം

Posted on: June 20, 2016 9:16 am | Last updated: June 20, 2016 at 9:16 am

ആയിരക്കണക്കിന് കളിപ്രേമികള്‍ ആനന്ദലഹരി കൊള്ളുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പേരിലാണ് ഫ്രാന്‍സ് ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ബോധപൂര്‍വം വാര്‍ത്തകളില്‍ നിന്ന് മറച്ചുപിടിക്കപ്പെടുന്ന ശക്തമായൊരു സമരത്തിന്റെ വേലിയേറ്റത്തില്‍ ആടിയുലയുകയാണ് ഫ്രാന്‍സ്. ഏത് മുതലാളിത്ത, നവഉദാരവത്കൃത രാജ്യത്തിന്റെയും മുഖമുദ്രയായ യുദ്ധോത്സുകതയും ആയുധവ്യാപാരവും കുടിയേറ്റവിരുദ്ധതയും തൊഴിലാളി വിരുദ്ധതയും ഈ രാജ്യത്തും നടമാടുകയാണ്. പേരില്‍ മാത്രം സോഷ്യലിസമുള്ള പാര്‍ട്ടിയുടെ നേതാവായ ഫ്രാങ്ക്‌സ് ഹോളണ്ടേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ തൊഴില്‍ നിയമത്തിനെതിരെയാണ് ശക്തമായ സമരം നടക്കുന്നത്. വിമാന കമ്പനി ജീവനക്കാര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ശുചീകരണ തൊഴിലാളികള്‍, പൊതു ഭരണ ജീവനക്കാര്‍ തുടങ്ങി സര്‍വ മേഖലയിലുള്ള തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നു. അതിവേഗ റെയില്‍വേയും വിമാന സര്‍വീസും നഗര ശുചീകരണവുമെല്ലാം തടസ്സപ്പെടുന്ന സ്ഥിതി വന്നു. ആണവ നിലയങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. യൂറോ കപ്പ് നടക്കുമ്പോള്‍ ഇതെല്ലാം വലിയ മാനക്കേടാണ് സര്‍ക്കാറിനുണ്ടാക്കിയത്. എയര്‍ ഫ്രാന്‍സ് പൈലറ്റുമാര്‍ 24 മുതല്‍ സമ്പൂര്‍ണ സമരത്തിലേക്ക് നീങ്ങുകയാണ്. സമരത്തിന്റെ ഭാഗമായുള്ള ഒത്തുചേരലുകളെ ഭീകരപ്രവര്‍ത്തനമായി കണ്ട് അടിച്ചമര്‍ത്താനുള്ള പട്ടാളത്തിന്റെയും പോലീസിന്റെയും ശ്രമം പ്രത്യക്ഷ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതില്‍ കലാശിച്ചിട്ടുണ്ടെങ്കിലും അടുത്ത ഘട്ട സമരത്തിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിവിധ ട്രേഡ് യൂനിയനുകളും സംഘടനകളും.
മാര്‍ച്ച് 24നാണ് തൊഴില്‍ മന്ത്രി മിറിയം എല്‍ ഖോംരി പരിഷ്‌കരിച്ച തൊഴില്‍ നിയമം പ്രഖ്യാപിച്ചത്. ഫ്രഞ്ച് വിപ്ലവത്തോളം വേരുകളുള്ള തൊഴില്‍ സംഹിത പൊളിച്ചെഴുതി വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അനുകൂലമാക്കുന്നതാണ് ഈ നിയമം. തൊഴില്‍ സമയവും വേതന, സേവന വ്യവസ്ഥയും തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായി തീരുമാനിക്കാന്‍ നിയമം അധികാരം നല്‍കുന്നു. ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി എന്നത് 40 മണിക്കൂറായി ഉയര്‍ത്താനും ഓവര്‍ടൈമിനുള്ള കൂലി വെട്ടിക്കുറക്കാനും നിയമം അനുശാസിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍ നിന്ന് 60 മണിക്കൂറായി ഉയര്‍ത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാം. ഏകീകൃത വേതന വ്യവസ്ഥ പിന്തുടരേണ്ട കാര്യമില്ല.
നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങളാണ് തുടക്കം മുതല്‍ നടന്നത്. പാരീസിലും ലിയോംഗിലും മാഴ്‌സെയിലും രാത്രികാല നില്‍പ്പ് സമരമെന്ന പുതിയ സമരരൂപത്തില്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. വിദ്യാര്‍ഥികളും അധ്യാപകരും ടെക്‌നോക്രാറ്റുകളുമെല്ലാം പങ്കു ചേര്‍ന്നു. ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സി ജി ടി), നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ (സി എന്‍ ടി എഫ്) തുടങ്ങിയ ട്രേഡ് യൂനിയനുകള്‍ പണിമുടക്കുകളും പ്രതിഷേധ റാലികളും സംഘടിപ്പിച്ചു. പലയിടത്തും ഇവ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. മാര്‍ച്ച് ഒന്‍പതിന് നടന്ന പണിമുടക്കില്‍ രണ്ടര ലക്ഷം തൊഴിലാളികളാണ് പങ്കെടുത്തത്. മാര്‍ച്ച് 31ന് നടന്ന പ്രക്ഷോഭത്തില്‍ പത്ത് ലക്ഷം പേര്‍ അണി നിരന്നു.
സമരക്കാരുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്ന പ്രസിഡന്റ് ഹോളണ്ടെയും പ്രധാനമന്ത്രി മാന്വല്‍ വാലസും ഏറ്റവും ഒടുവില്‍, ചര്‍ച്ചക്ക് തൊഴില്‍ മന്ത്രിയെ നിയോഗിച്ചിരിക്കുകയാണ്. ഫ്രാന്‍സിലെ 70 ശതമാനം പേരും സമരത്തെ പിന്തുണക്കുന്നുവെന്ന സര്‍വേ ഫലമാണ് ഈ വിട്ടുവീഴ്ചയിലേക്ക് സര്‍ക്കാറിനെ നയിച്ചത്. സി ജി ടി ജനറല്‍ സെക്രട്ടറി ഫിലിപ്പ് മാര്‍ട്ടിനസ് വെള്ളിയാഴ്ച തൊഴില്‍ മന്ത്രിയുമായി അര മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരു പക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കിലും ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമായതിനെ വലിയ വിജയമായാണ് തൊഴിലാളി സംഘടനകള്‍ കാണുന്നത്. പുതിയ തൊഴില്‍ നിയമം സെനറ്റില്‍ ചര്‍ച്ചക്കെടുക്കുന്ന 23 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് മാര്‍ട്ടിനസ് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തെ ഉരുക്കു മുഷ്ടിയുപയോഗിച്ച് നേരിടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ സമരം സംഘര്‍ഷഭരിതവും അക്രമാസക്തവുമാകുമെന്നുറപ്പാണ്.
സത്യത്തില്‍ ഇതൊരു തൊഴില്‍ നിയമത്തിന്റെ പ്രശ്‌നമോ ഫ്രാന്‍സിന്റെ മാത്രം ഒറ്റപ്പെട്ട അനുഭവമോ അല്ല. മറിച്ച് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ കൂടപ്പിറപ്പായ അസമത്വമാണ് പ്രശ്‌നം. രാഷ്ട്രം വികസിക്കുന്നതിന്റ ഗുണഫലം നല്ലൊരു ശതമാനം ജനങ്ങള്‍ക്ക് അപ്രാപ്യമാകുന്നു. അമേരിക്കയില്‍ നടന്ന വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭം ഉന്നയിച്ച പ്രശ്‌നം അതായിരുന്നല്ലോ. ഈ അസമത്വം എല്ലാ മേഖലയിലുമുണ്ട്. അതൃപ്തരായ ജനത പ്രതിഷേധിക്കുമ്പോള്‍ അവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കി മുദ്ര കുത്താന്‍ മുഖ്യധാരാ, സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ഫ്രാന്‍സിലെ പ്രക്ഷോഭത്തില്‍ ഭീകരര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന ആരോപണം ചില പത്രങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു. ഭരണകൂടത്തിന്റ മുന്‍ഗണനയാണ് പ്രശ്‌നം. പൗരന്‍മാരുടെ എല്ലാ പരിരക്ഷകളും എടുത്തുമാറ്റി കോര്‍പറേറ്റുകള്‍ക്ക് ലാഭം കുന്നുകൂട്ടാന്‍ കളമൊരുക്കുകയാണോ സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നതാണ് ചോദ്യം. ഈ ചോദ്യം ഇത്തരം നയം പിന്തുടരുന്ന എല്ലാ രാജ്യങ്ങളിലും ഉച്ചത്തില്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും.