2000 കോടിയുടെ ലഹരി കടത്ത്: നടി മമത കുല്‍ക്കര്‍ണി മുഖ്യപ്രതി

Posted on: June 19, 2016 1:27 pm | Last updated: June 19, 2016 at 1:27 pm

MAMTHA KULKARNIതാനെ: മുന്‍ ബോളിവുഡ് താരം മമതാ കുല്‍ക്കര്‍ണി 2000 കോടിയുടെ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രധാന പ്രതിയാണെന്ന് താനെ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് പറഞ്ഞു. കെനിയയിലുള്ള മമതക്കായി ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.മയക്കുമരുന്ന് രാജാവ് വിക്കി ഗോസ്വാമിയുടെ ഭാര്യയായ മമത കുല്‍ക്കര്‍ണി ഇപ്പോഴും മയക്കുമരുന്ന് കടത്തില്‍ സജീവമാണ്. രണ്ട് മാസം മുമ്പ് പിടിയിലായ സംഘത്തിന്റെ ബുദ്ധികേന്ദ്രമാണ് മമതയും ഗോസ്വാമയും എന്ന് വ്യക്തമാക്കുന്ന പുതിയ തളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കെനിയയില്‍ നിന്ന് തേടുമെന്നും പോലീസ് അറിയിച്ചു. യു എസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പോലീസ് കമ്മീഷണര്‍ പുറത്തുവിട്ടത്.

രണ്ട് മാസം മുമ്പ് വരെ ഇവര്‍ മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. മമത ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ അവരെ കൂടാതെ 16 പ്രതികളാണുള്ളത്. ഇതില്‍ 10 പേര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ശേഷിക്കുന്ന ഏഴ് പേരും ഒളിവിലാണ്. കഴിഞ്ഞ ഏപ്രിലില്‍ 2,000 കോടി രൂപ വിലമതിക്കുന്ന 18.5 ടണ്‍ എഫ്രിഡിന്‍ മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്ന് പിടികൂടിയിരുന്നു. ഇതോടെയാണ് ഈ മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചുള്ള വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ ജനുവരിയില്‍ കെനിയയിലെ മൊംബാസയില്‍ മമത കുല്‍ക്കര്‍ണിയും സംഘാംഗങ്ങളും യോഗം ചേര്‍ന്നതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ചാണ് എഫ്രിഡിന്‍ കടത്തുന്നതിന് തീരുമാനമെടുത്തതെന്നാണ് പോലീസ് പറയുന്നത്. മുംബൈയിലെ ആവോണ്‍ ലൈഫ് സയന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയും സ്ഥാപന എക്‌സിക്യൂട്ടീവുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മമത കുല്‍ക്കര്‍ണിക്ക് 11 ലക്ഷത്തിന്റെ ഷെയര്‍ ഈ സ്ഥാപനത്തില്‍ ഉണ്ട്. അവോണിന്റെ ഡയറക്ടര്‍ ബോര്‍ഡിലും ഈ സിനിമാ താരം അംഗമാണ്.

നേരത്തെ ഈ സ്ഥാപനത്തില്‍ നിന്ന് നൂറ് കിലോഗ്രാമോളം എഫിഡ്രിന്‍ നിര്‍മിക്കുകയും കെനിയയിലേക്ക് കടത്തുകയും ചെയ്തതായി വിവരമുണ്ട്. ഇതിനുള്ള പണം വിക്കി ഗോസ്വാമി ഹവാലയായാണ് അവോണ്‍ ഡയരക്ടര്‍ മുകേഷ് ജെയിനിന് അയച്ചുകൊടുത്തതെന്നും പോലീസ് മേധാവി വിശദീകരിച്ചു. ജെയിന്‍ നിരവധി തവണ ഗോസ്വാമിയെ കാണാന്‍ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്.

സാഗര്‍ സുരേഷ് പോവ്‌ലെ, മയൂര്‍ സുരേഷ് സുഖ്ധാരെ, രാജേന്ദ്ര ജഗ്ദംബ പ്രസാദ് ദിംരി, ധനേശ്വര്‍ രജാറാം സ്വാമി, പുനീത് രമേഷ് ശ്രിംഗി, മനോജ് തേജ്‌രാജ് ജെയിന്‍, ഹര്‍ദിപ് സിംഗ്, ഇന്ദര്‍സിംഗ് ഗില്‍, നരേന്ദ്ര ധീരജ്‌ലാല്‍ കച, ബാബാസാഹേബ് ശങ്കര്‍ ധോത്രെ, ജെയിന്‍ മുല്‍ജി മുഖി എന്നിവരാണ് ഈ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ളത്. കഴിഞ്ഞ ഏപ്രില്‍ 18ന് ഒരു നൈജീരിയക്കാരന്റെ അറസ്റ്റോടെയാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആവോണിലെ റെയ്ഡ്.