ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നു; മതസൗഹാര്‍ദം തകരുന്നു: യു എസ് റിപ്പോര്‍ട്ട്‌

Posted on: June 18, 2016 5:10 am | Last updated: June 17, 2016 at 11:27 pm

വാഷിംഗ്ടണ്‍: ഇന്ത്യയിലെ മതസൗഹാര്‍ദം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മതസ്വാതന്ത്ര്യത്തിനെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയിലെ മനുഷ്യാവകാശ വിദഗ്ധന്‍. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യു എസ് കമ്മീഷന്റെ മുന്‍ അധ്യക്ഷനും പ്രിന്‍സ്ടണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ റോബര്‍ട്ട് പി ജോര്‍ജാണ് ഗ്ലോബല്‍ ഹെല്‍ത്ത്, ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്‌സ്, വിദേശകാര്യ കമ്മിറ്റികളുടെ അന്താരാഷ്ട്ര സംഘടന എന്നിവക്ക് മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും ക്രിസ്ത്യന്‍, മുസ്‌ലിം സിഖ് വിഭാഗത്തിലെ ആളുകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങളും സംഘര്‍ഷങ്ങളും ഭയപ്പെടുത്തലുകളും നേരിടേണ്ടിവന്നു. ഇത്തരം ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു ദേശീയവാദികളെന്ന് അവകാശപ്പെടുന്നവര്‍ ആണ് സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. സംഘര്‍ഷം വ്യാപിക്കുന്നതിന് വേണ്ടി മതപരമായി വിഭജനം സൃഷ്ടിക്കുന്ന ഭാഷയും ഇവര്‍ ഉപയോഗിക്കുന്നു. ഇതിന് പുറമെ പോലീസിന്റെ ഇരട്ടമുഖത്തോടെയുള്ള പെരുമാറ്റം മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ അസ്വസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. തങ്ങള്‍ സുരക്ഷിതരല്ലെന്ന ബോധമാണ് ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കുള്ളതെന്നും റിപ്പോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇദ്ദേഹം മറ്റൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലെ പട്ടികജാതി, പട്ടികവര്‍ഗം വിഭാഗങ്ങളെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഉന്നത ജാതിയെന്ന് അവകാശപ്പെടുന്നവരും പ്രാദേശിക സര്‍ക്കാറുകളും അനുവദിക്കുന്നില്ലെന്ന് ഈ റിപ്പോര്‍ട്ടില്‍ പ്രൊഫസര്‍ റോബര്‍ട്ട് പി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.