കാലിക്കറ്റ് ബിരുദ ഏകജാലക പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് 18ന്

Posted on: June 15, 2016 9:22 am | Last updated: June 15, 2016 at 9:22 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഈമാസം 18ന് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 21 വരെ ഓപ്ഷനുകളില്‍ മാറ്റം വരുത്താന്‍ അവസരവും ലഭിക്കും. 23നാണ് ആദ്യ അലോട്ട്‌മെന്റ്. രണ്ടാം അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും മൂന്നാം അലോട്ട്‌മെന്റ് ജൂലൈ എട്ടിനും പ്രസിദ്ധീകരിക്കും. ഇത് ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലേക്കുള്ളതാണ്. ഓരോ അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും മേന്‍ഡേറ്ററി ഫീസടക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

അഡ്മിഷനെടുത്തവര്‍ അഡ്മിറ്റ് കാര്‍ഡ് എടുത്ത് ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്യുകയോ ഫസ്റ്റ് ഓപ്ഷന്‍ സ്വീകരിക്കുകയോ ചെയ്യണം. ജൂലൈ എട്ട് മുതല്‍ 13 വരെ ഇതിന് സമയം നല്‍കും. മാനേജ്‌മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാന്‍ ഉദേശിക്കുന്നവര്‍ക്ക് ഇതുവരെ ക്യാപ് ഐ ഡി എടുക്കാന്‍ സാധിച്ചിട്ടല്ലെങ്കില്‍ ലേറ്റ് ഫീസോടെ മൂന്നാം അലോട്ട്‌മെന്റിന് ശേഷം അവസരം ഉണ്ടാകും. ജൂലൈ 13ന് ബിരുദ ക്ലാസുകള്‍ തുടങ്ങുന്ന വിധത്തിലാണ് അഡ്മിഷന്‍ നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ജൂലൈ 15നുള്ളില്‍ കോളജുകള്‍ അപ്‌ലോഡ് ചെയ്യണം.
ജൂലൈ 15 നുള്ളില്‍ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ കോളജുകള്‍ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്യണം. നാലാം അലോട്ട്‌മെന്റ് ജൂലൈ 20 നും നടക്കും. ജൂലൈ 22 നുള്ളില്‍ നാലാം അലോട്ട്‌മെന്റിന് ശേഷം അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അന്ന് തന്നെ അപ്‌ലോഡ് ചെയ്യണം. ബാക്കി വരുന്ന സീറ്റുകള്‍ 25 നുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഏകജാലകം വഴി രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി 29 മുതല്‍ 30 വരെയാണ്. അവസാന അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിനാണ്. ഇവര്‍ക്ക് ആഗസ്റ്റ് ഒന്‍പത് വരെ കോളജുകളില്‍ അഡ്മിഷന്‍ നേടാം. ഓരോ അലോട്ട്‌മെന്റിന് ശേഷവും രണ്ട് ദിവസത്തിനകം അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. എസ് സി, എസ് ടി, ബി പി.എല്‍ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകള്‍ ആഗസ്റ്റ് 12 ന് മുമ്പായി സര്‍വകലാശാലക്ക് കോളജുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ആഗസ്റ്റ് 17ന് പ്രസിദ്ധീകരിക്കും.