ഖത്വര്‍ നിശാ ക്ലബ്ബിലെ മാനഭംഗം: ഡച്ച് യുവതിയെ നാടുകടത്താനും ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു

Posted on: June 15, 2016 5:53 am | Last updated: June 15, 2016 at 12:53 am
SHARE

ദോഹ: നിശാ ക്ലബ്ബില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട ഡച്ച് യുവതി മാനഭംഗത്തിനിരയായ കേസില്‍ യുവതിയെ നാടുകടത്താനും ഒരു വര്‍ഷത്തെ തടവിനും ഖത്വര്‍ കോടതി വിധിച്ചു. 22 കാരിയായ യുവതിയെ ഉടന്‍ നാടുകടത്തുമെന്ന് ഖത്വറിലെ ഡച്ച് അംബാസിഡര്‍ പറഞ്ഞു.
യുവതിയെ പീഡിപ്പിച്ച സിറിയന്‍ യുവാവ് ഉമര്‍ അബ്ദുല്ല അല്‍ ഹസനെ വിവാഹേതര ലൈംഗിക കുറ്റം ചുമത്തി നൂറ് അടി ചാട്ടവാര്‍ കൊണ്ട് അടിക്കാനും നാടുകടത്താനും വിധിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് 40 അടി അടിക്കുക. വിധി പുറപ്പെടുവിക്കുന്ന സമയത്ത് ഹസനും ലോറ എന്ന പേരില്‍ അറിയപ്പെടുന്ന ഡച്ച് യുവതിയും സന്നിഹിതരായിരുന്നില്ല. ഡച്ച് യുവതി മുസ്‌ലിമായിരുന്നെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. അങ്ങനെയെങ്കില്‍ ഖത്വറില്‍ ഈ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ യുവതിയാകും ലോറ.
കഴിഞ്ഞ മാര്‍ച്ചില്‍ ദോഹയിലെ ക്രിസ്റ്റല്‍ ലോഞ്ച് നിശാക്ലബ്ബില്‍ വെച്ച് മദ്യപിച്ചിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തൊട്ടടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ അപരിചിതമായ ഫഌറ്റിലാണ് കണ്ടതെന്നും മനാഭംഗത്തിനിരയായെന്ന ബോധ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇതേ തുടര്‍ന്ന് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് സമ്മതിച്ചെങ്കിലും ഇത് സ്വബോധത്തോടെയല്ലെന്നാണ് യുവാവിന്റെ നിലപാടെന്ന് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ ബന്ധുക്കളുമായി കഴിഞ്ഞ മാസങ്ങളില്‍ ബന്ധപ്പെട്ടിരുന്നുവെന്നും യുവതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും ഡച്ച് എംബസി അധികൃതര്‍ പറഞ്ഞു.