പ്രതിസന്ധികള്‍ നിലനില്‍ക്കെ തുര്‍ക്കിയിലെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി രാജിവെച്ചു

Posted on: June 15, 2016 5:50 am | Last updated: June 15, 2016 at 12:51 am
SHARE

imagesഅങ്കാറ: തുര്‍ക്കിയിലെ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ഹാന്‍സ്‌ജോര്‍ജ് ഹാബര്‍ രാജിവെച്ചു. ഈ ദൗത്യമേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് രാജി. ഹാബര്‍ അദ്ദേഹത്തിന്റെ തുര്‍ക്കിയിലെ സേവനം അവസാനിപ്പിച്ചതായി യൂറോപ്യന്‍ യൂനിയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2015ലാണ് ഇദ്ദേഹം തുര്‍ക്കിയിലെ യൂറോപ്യന്‍ യൂനിയന്‍ അംബാസഡറായി എത്തുന്നത്. ഇതിന് മുമ്പ് 1993നും 96നും ഇടയിലുള്ള മൂന്ന് വര്‍ഷം ഇദ്ദേഹം ജര്‍മന്‍ ഡിപ്ലോമാറ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക ഘട്ടത്തിലാണ് ഈ രാജിയെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. തുര്‍ക്കിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികള്‍ ഒഴുകുന്നത് സംബന്ധിച്ച് തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും കരാറിലെത്തിയിരുന്നെങ്കിലും ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ ബന്ധം അത്ര സുഖകരമല്ല.