ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ ഗുരുതരാവസ്ഥയില്‍

Posted on: June 14, 2016 12:56 am | Last updated: June 14, 2016 at 12:56 am

കൊണ്ടോട്ടി: ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍. പുളിക്കല്‍ അരൂരിലാണ് സംഭവം. അരൂര്‍ വള്ളിക്കാട്ട് മുഹമ്മദിന്റെ മകള്‍ ഹാജറ ബീവി (35)യാണ് ഭര്‍ത്താവ് അരൂര്‍ ആനക്കുണ്ടുങ്ങല്‍ അബ്ദുല്‍ ഹമീദിന്റെ വെട്ടേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ കഴുത്തിനും തലക്കും കൈക്കും പിന്‍ഭാഗത്തുമുള്‍പ്പടെ ഏഴ് വെട്ടുകളുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഹാജറ ബീവിക്കു പുറമെ ഹമീദ് മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നവും കുടുംബ കോടതിയില്‍ കേസും നിലനില്‍കുന്നുണ്ട്. ഹാജറ ബീവിക്ക് ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹമീദ് മറ്റൊരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. അതിനിടെ നാട്ടു മധ്യസ്ഥ പ്രകാരം ഹാജറക്ക് എട്ട് ലക്ഷം രൂപ നല്‍കാന്‍ തീരുമാച്ചിരുന്നു. എന്നാല്‍ ഇതു നല്‍കിയിരുന്നില്ല. അതിനിടെ ഗള്‍ഫില്‍ പോയ ഇയാള്‍ രണ്ട് മാസം മുമ്പ് തിരിച്ചു വന്ന് വയനാട്ടിലെ ബന്ധുവീട്ടില്‍ കഴിഞ്ഞ ഹമീദ് ഒരാഴ്ച മുമ്പ് നാട്ടിലെത്തി. ഇന്നലെ പുലര്‍ച്ചെ മുളക് പൊടിയുമായി എത്തിയ ഹമീദ് ഭാര്യയെ തുരുതുരെ വെട്ടുകയായിരുന്നു. നാട്ടുകാര്‍ തിരിഞ്ഞു നോക്കാതിരുന്ന ഹാജറ ബീവിയെ ഒരു മണിക്കൂറിനു ശേഷം പൊതുപ്രവര്‍ത്തകരായ നബീല്‍, വീരാന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്നലെ കുടുംബകോടതിയില്‍ വിചാരണ നടക്കാനിരിക്കെയാണ് കൃത്യം നടന്നത്. ഹാജറ ബീവിക്ക് ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്. അബ്ദുല്‍ ഹമീദ് ഒളിവിലാണ്.