പന്നിമാംസം കടത്തിയതായി വ്യാജ വാര്‍ത്ത; ഉറവിടം നോക്കാതെ പ്രസിദ്ധീകരിച്ചവര്‍ വെട്ടില്‍

Posted on: June 13, 2016 7:50 pm | Last updated: June 13, 2016 at 8:05 pm

ദോഹ: ഉള്ളടക്കത്തില്‍ തന്നെ വ്യാജ വാര്‍ത്തകളുടെ ചേരുവകളുണ്ടായിട്ടും അതു തിരിച്ചറിയാതെയും വസ്തുത പരിശോധിക്കാതെയും വാര്‍ത്ത പകര്‍ത്തിയ പോര്‍ട്ടലുകള്‍ക്ക് പണികിട്ടി. രാജ്യത്തേക്ക് 12 കിലോ പന്നിമാസം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളെ ദോഹ വിമാനത്താവളത്തില്‍ പിടികൂടിയെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. വേള്‍ഡ് ന്യൂസ് ഡെയ്‌ലി റിപ്പോര്‍ട്ട് എന്ന ആക്ഷേപ ഹാസ്യ വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത ഖത്വര്‍ സ്‌കൂപ്പ്, ഖത്വര്‍ ഡേ തുടങ്ങിയ പ്രാദേശിക വെബ്‌സൈറ്റുകള്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. ഒറ്റ വായനയില്‍ സത്യമെന്ന് തോന്നുന്നതും എന്നാല്‍, തമാശയും വിര്‍ശനവും ലക്ഷ്യമാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റാണ് വേള്‍ഡ് ന്യൂസ് ഡെയ്‌ലി റിപ്പോര്‍ട്ട്.
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ മയക്കു മരുന്നും പന്നിമാംസവും കണ്ടെത്തുന്നതിന് പരിശീലനം സിദ്ധിച്ച പോലിസ് നായയാണ് യമന്‍ സ്വദേശിയായ അബ്ദുല്‍ റഹ്മാന്‍ ശമൂനില്‍ നിന്ന് ഉണക്കി ഉപ്പിലിട്ട പന്നിമാംസ ക്യൂബുകള്‍ കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, ശമൂന്‍ എന്നപേരില്‍ കൊടുത്ത ഫോട്ടോ ഖൈറുല്ല ഖൈര്‍ഖ്വ എന്ന താലിബാന്‍ നേതാവിന്റേതായിരുന്നു. 2002ല്‍ പാകിസ്താനില്‍ അറസ്റ്റിലായ അദ്ദേഹമിപ്പോള്‍ ഗ്വണ്ടാനമോയിലാണ്.
ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പിടികൂടിയ പന്നി മാസംത്തോടൊപ്പം നില്‍ക്കുന്നതായി കൊടുത്ത ഫോട്ടോയും കൃത്രിമമായി സൃഷ്ടിച്ചതാണ്. ഖത്വര്‍ ഗ്യാസ് ഖത്വര്‍ പോലിസ് സ്‌പോര്‍ട്‌സ് അസോസിയേഷനെ സ്‌പോണ്‍സര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2012ല്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിന്റെ ഫോട്ടോയില്‍ പന്നിമാംസത്തിന്റെ ഫോട്ടോ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതായിരുന്നു ഇത്.
12 കിലോ മാംസം ഗര്‍ഭ നിരോധന ഉറകളില്‍ നിറച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ചു വച്ചു എന്നായിരുന്നു വാര്‍ത്തയില്‍. എന്നാല്‍, ഇത്രയുമധികം സാധനം മലദ്വാരത്തില്‍ സൂക്ഷിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതിക്ക് വധശിക്ഷയോ 50 അടിയും 15 വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ദോഹന്യൂസ് വിശദമായ വാര്‍ത്ത പുറത്തുവിട്ടു. ഹാസ്യ വാര്‍ത്തകള്‍ പുറത്തുവിടുന്ന പോര്‍ട്ടലുകള്‍ പകര്‍ത്തി നേരത്തേ മലയാള പത്രങ്ങളും വെട്ടിലായിട്ടുണ്ട്.