Connect with us

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; ആര്‍ ചന്ദ്രശേഖരനെതിരെ എഫ്.ഐ.ആര്‍

Published

|

Last Updated

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനില്‍ കശുവണ്ടി വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. കൊല്ലം വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് കേസ്. 30 കോടി രൂപയുടെ കശുവണ്ടിയാണ് ഇറക്കുമതി ചെയ്തത്. കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എംഡി കെ.എ. രതീഷാണ് രണ്ടാം പ്രതി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

പ്രതികള്‍ കോര്‍പ്പറേഷന് രണ്ട് കോടി 86 ലക്ഷം രൂപ നഷ്ടം വരുത്തിയതായി വിജിലന്‍സ് അറിയിച്ചു.
കശുവണ്ടി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതില്‍ നിയമാനുസൃതമുള്ള ടെന്‍ഡര്‍ നടപടികള്‍ പാലിച്ചില്ലെന്നും നിലവാരമില്ലാത്ത കശുവണ്ടിയാണ് ഇറക്കിയതെന്നും കാണിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. മനോജിന്റെ പരാതിയില്‍ കോര്‍പ്പറേഷനിലെ മറ്റ് ക്രമക്കേടുകള്‍ സി.ബി.ഐ. അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 25 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ ടെന്‍ഡര്‍ വേണമെന്ന നിയമം പാലിച്ചില്ല, ഒരാള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്, റീ ടെന്‍ഡര്‍ ചെയ്തില്ല, സംസകരിച്ചപ്പോള്‍ നിശ്ചിത അളവില്‍ പരിപ്പ് കിട്ടിയില്ല, ഇറക്കുമതി ചെയ്തത് നിലവാരം കുറഞ്ഞ കശുവണ്ടിയായിരുന്നു തുടങ്ങിയവയാണ് മനോജിന്റെ ആരോപണങ്ങള്‍.

Latest