പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍ ഒരു മാസത്തിനകം ലഹരി പ്രശ്‌നത്തിന് പരിഹാരം: രാഹുല്‍ ഗാന്ധി

Posted on: June 13, 2016 4:13 pm | Last updated: June 13, 2016 at 10:48 pm

rahul gandhiജലന്ധര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഒരു മാസത്തിനകം സംസ്ഥാനത്തെ ലഹരി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി ആയിരിക്കും ഇത് നടപ്പാക്കുകയെന്നും രാഹുല്‍ പറഞ്ഞു.
പഞ്ചാബിലെ ബി.ജെ.പി അകാലിദള്‍ സര്‍ക്കാരാണ് ലഹരി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നത്. ഇത് അവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ബിസിനസിനെ കുറിച്ചാണ് സംസാരിക്കുന്നത്. പഞ്ചാബില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ബിസിനസാണ് ലഹരി കടത്ത്. ഇതാണ് അവര്‍ നടത്തുന്നതും. ഇത് അവസാനിപ്പിക്കാന്‍ പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്. അതിന് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നേ മതിയാവൂ രാഹുല്‍ പറഞ്ഞു.

പഞ്ചാബിലെ ലഹരി കടത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനേയും രാഹുല്‍ വിമര്‍ശിച്ചു. നാലു വര്‍ഷം മുന്പ് താന്‍ പഞ്ചാബില്‍ വന്നപ്പോള്‍ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്ന് അകാലിദള്‍ തന്നെ കളിയാക്കി. ഇപ്പോഴിതാ സിനിമയും നിരോധിച്ചു. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറല്ലെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പഞ്ചാബ് ഘടകം പ്രസിഡന്റ് അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ രാഹുലിനൊപ്പം പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നു.
അതേസമയം, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നത്തില്‍ പ്രതിഷേധിക്കാന്‍ രാഹുല്‍ഗാന്ധിക്ക് യാതൊരു അവകാശവുമില്ലെന്ന് ആംആദ്മി നേതാവ് ഭഗ്‌വത് മന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്തും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ഭഗ്‌വത് കുറ്റപ്പെടുത്തി.