പഴയ വിനോദങ്ങള്‍ പുതിയ അനുഭവമാക്കി ഫരീജ് അസ്പയര്‍

Posted on: June 12, 2016 7:09 pm | Last updated: June 12, 2016 at 7:09 pm

FAREEJദോഹ: റമസാന്റെ ആത്മീയ ചൈതന്യവും ഖത്വരി പാരമ്പര്യവും മേളിക്കുന്ന ഫരീജ് അസ്പയറിന് തുടക്കമായി. ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ച ഫരീജ് അസ്പയറില്‍ വിനോദം, ഭക്ഷണം, ഷോപ്പിംഗ് അടക്കമുള്ള വ്യത്യസ്ത അനുഭവങ്ങള്‍ ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് എത്തിയത്. അസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ (എ ഇസഡ് എഫ്) നടത്തുന്ന ഫരീജ് ആസ്പിയര്‍ പത്ത് ദിവസം നീണ്ടുനില്‍ക്കും.

കായിക വിനോദം എന്നതിനുപരി ഖത്വരി പാരമ്പര്യവും മതകീയ ആചാരങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് അസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അള്‍ നൈമി പറഞ്ഞു. ഫരീജ് അസ്പയറിന്റെ ആദ്യ പതിപ്പ് ഇരുപതിനായിരത്തിലേറെ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. ഇപ്രാവശ്യം കുട്ടികള്‍ക്കുള്ള കായിക വിനോദങ്ങളും മറ്റ് നൂതന പരിപാടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിന്റെ മൂന്നിരട്ടി സ്ഥലത്ത് ആണ് കുട്ടികള്‍ക്കുള്ള വിനോദങ്ങളും മറ്റും നടക്കുക. എയര്‍ കണ്ടീഷന്‍ ചെയ്ത എണ്ണായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ആണ് മൊത്തം പരിപാടികള്‍ നടക്കുന്നത്. ദിനംപ്രതി മൂവായിരം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
അസ്പയര്‍ സോണിന്റെ റമസാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഫരീജ് അസ്പയര്‍ നടക്കുന്നത്. സ്മാര്‍ട്ട് ഫോണും ടാബ്‌ലറ്റും തുടങ്ങിയ സാങ്കേതികവിദ്യകളുടെ ചതുരങ്ങളില്‍ കുട്ടികളുടെ ഇന്നത്തെ വിനോദങ്ങള്‍ ഒതുക്കപ്പെട്ടതിനാല്‍ തന്നെ പഴയ വിനോദങ്ങള്‍ കുട്ടികള്‍ക്ക് പുതിയ അനുഭവമായിത്തീരും. ഇത്തരം പഴയ വിനോദങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്ക് വരെ ഒരുപക്ഷെ അപരിചിതമായിരിക്കും. യുവാക്കളുടെയടക്കം ഓര്‍മകളെ പൊടിതട്ടിയെടുക്കുകയും പരമ്പരാഗത കായിക വിനോദങ്ങള്‍ നിലനിര്‍ത്തുകയുമാണ് ലക്ഷ്യം. എല്ലാ തുറകളിലുള്ളവര്‍ക്കും പ്രവേശനമുള്ളതിനാല്‍ പ്രവാസികളുടെ കുട്ടികള്‍ക്ക് പുതിയ സൗഹൃദങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ ഫെസ്റ്റിവല്‍ സാഹചര്യമൊരുക്കും. പഴയ തലമുറ കൈമാറിവന്ന ഖത്വറിന്റെ യഥാര്‍ഥ പാരമ്പര്യം മനസ്സിലാക്കാന്‍ പ്രവാസി സമൂഹത്തിനും ഇത് മികച്ച അവസരമാണെന്നും അല്‍ നൈമി പറഞ്ഞു.