അമേരിക്കയില്‍ കണ്ടത് മോദിയുടെ ഇരട്ട മുഖം

Posted on: June 12, 2016 4:50 am | Last updated: June 11, 2016 at 11:54 pm

modi-2-1#രമേശ് ചെന്നിത്തല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് ആഗോള മാധ്യമങ്ങളും സംഘ്പരിവാര്‍ വൈതാളികരും ആഘോഷമായി വായ്ത്താരി മുഴക്കുമ്പോള്‍ ചില വസ്തുതകളെ, അവ എത്ര തന്നെ രസിക്കാത്തതായാലും പരാമര്‍ശിക്കാതെ വയ്യ. യു എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രിയുടെ വാക്കും പ്രവൃത്തികളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല, വിദേശത്തും സ്വദേശത്തും വ്യത്യസ്ത മുഖങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തികൂടിയാണദ്ദേഹമെന്ന് ബോധ്യമാവുകയും ചെയ്തു. മതവും ഭീകരവാദവുമായി കൂട്ടിക്കുഴക്കരുതെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഇവിടെ സാധ്വി പ്രാച്ചിയെപ്പോലുള്ള സംഘ്പരിവാറിന്റെ തീവ്രമുഖങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിംകളെ മുഴുവന്‍ അതിര്‍ത്തി കടത്തി വിടണമെന്നു വാദിക്കുകയും അതിനായി ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ തീവ്രനേതൃത്വങ്ങളില്‍ നിന്ന് വരുന്ന ഇത്തരത്തിലുള്ള അപകടകരമായ പ്രസ്താവനകളെ ഒരിക്കല്‍ പോലും അപലപിക്കാതിരിക്കുകയും, പലപ്പോഴും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിക്കുകയും ചെയ്യുന്ന മോദി വിദേശത്ത് എത്തുമ്പോള്‍ മാത്രം സഹിഷ്ണുതയെയും മതേതരത്വത്തെയും കുറിച്ച് വാചാലനാകുന്നു.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ അംഗം ട്രെന്‍ഡ് ഫ്രാങ്ക്‌സിന്റെയും ഡെമോക്രാറ്റിഗ് അംഗം മാക് കൗലത്തിന്റെയും നേതൃത്വത്തില്‍ യു എസ് കോണ്‍ഗ്രസിലെ പതിനെട്ട് അംഗങ്ങള്‍ സ്പീക്കര്‍ പോള്‍ റിയാന് കത്തു നല്‍കിയിരുന്നു. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അക്രമങ്ങളും മതപരമായ അസഹിഷ്ണുതയും മോദിയുടെ സന്ദര്‍ശന വേളയില്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു പതിനെട്ട് യു എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. അതോടൊപ്പം വിവിധ മനുഷ്യാവകാശ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വാഷിംഗ്ടണില്‍ പ്രകടനവും നടത്തി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ആഗോള തലത്തില്‍ പലവട്ടം ചര്‍ച്ചയായതാണ്. എന്നാല്‍ മോദിയുടെ പബ്ലിക് റിലേഷന്‍ തന്ത്രങ്ങളുടെ കുരുക്കില്‍ വീണ ഇന്ത്യന്‍ മാധ്യമങ്ങള്‍ പലപ്പോഴും ഇത് കണ്ടില്ലെന്ന് നടിച്ചു.
വിദേശത്ത് വ്യത്യസ്തമായൊരു പ്രതിച്ഛായ സൃഷ്ടിക്കാനും അതേസമയം സ്വദേശത്ത് സംഘ്പരിവാറിന്റെ വിശ്വസ്തന്‍ എന്ന തന്റെ മുഖം കാത്തുസൂക്ഷിക്കാനുമാണ് മോദി ശ്രമിക്കുന്നത്. നെഹ്‌റുവിനും ഇന്ദിരക്കും രാജീവിനും ശേഷം ഇന്ത്യയില്‍ നിന്നൊരു ലോക നേതാവെന്ന പ്രതീതി സൃഷ്ടിക്കാന്‍ മോദി കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാല്‍ സംഘ്പരിവാറാകട്ടെ തങ്ങളുടെ അതി തീവ്രവാദ നിലപാടുകളില്‍ നിന്നും ന്യൂനപക്ഷ വിരോധത്തില്‍ നിന്നും അല്‍പ്പം പോലും പിന്‍മാറാന്‍ ഒരുക്കമല്ലെന്ന് മാത്രമല്ല, നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും രാഷ്ട്രീയ സംരക്ഷണം ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വേണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ സംഘ്പരിവാറിന്റെ അജന്‍ഡകള്‍ സംരക്ഷിക്കാതെ മോദിക്ക് നിലനില്‍ക്കാന്‍ കഴിയില്ല, എന്നാല്‍ ആഗോള സമൂഹത്തിന് മുന്നില്‍ വ്യത്യസ്തമായൊരു പ്രതിച്ഛായ നിലനിര്‍ത്താന്‍ തീവ്രവാദത്തെയും ഭീകരതയെയും തള്ളിപ്പറയുകയും വേണം. ഇതിന് രണ്ടിനുമിടയിലുള്ള ഞാണിന്‍മേല്‍ കളിയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശത്തില്‍ കണ്ടത്.
തെക്കുകിഴക്കന്‍ ഏഷ്യയെ അമേരിക്കന്‍ സാമ്രാജ്യത്വം പണ്ടേ നോട്ടമിട്ടതാണ്. പശ്ചിമേഷ്യയെ അവര്‍ ഏറെക്കുറെ നിലംപരിശാക്കി. ഇസ്‌റാഈല്‍- അറബ് യുദ്ധങ്ങള്‍, ഇറാന്‍- ഇറാഖ് യുദ്ധം, പലസ്തീന്‍ പ്രശ്‌നം, ബെയ്‌റൂത്തിലെ കലാപങ്ങള്‍, രണ്ട് ഗള്‍ഫ് യുദ്ധങ്ങള്‍, അതിന്റെ ഫലമായുണ്ടായ ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവയിലൂടെയാണ് പശ്ചിമേഷ്യയുടെ സമാധാനത്തെയും സന്തോഷത്തെയും ഏതാണ്ട് പൂര്‍ണമായും നശിപ്പിച്ച് കൊണ്ട് അമേരിക്ക അവിടെ ആധിപത്യം സ്ഥാപിച്ചത്. ഇനി അവരുടെ ലക്ഷ്യം തെക്കന്‍ ഏഷ്യയാണ്. വിയ്റ്റ്‌നാമിലും കമ്പോഡിയയിലും ഇന്ത്യോനേഷ്യയിലും ഇടപെട്ട് കൊണ്ടും അതിന് മുമ്പ് രണ്ടാം ലോക മഹായുദ്ധകാലത്ത് ആദ്യത്തെ ആണവ ആക്രമണത്തിലൂടെ ജപ്പാനെ വരുതിയില്‍ കൊണ്ടുവന്നും പൂര്‍വേഷ്യയെയും അമേരിക്ക കാല്‍ കീഴിലമര്‍ത്തി. ഇനിയുള്ളത് തെക്കന്‍ എഷ്യയാണ്. ചൈനയും ഇന്ത്യയും പ്രമുഖ ശക്തികളായി വാഴുന്ന, പാക്കിസ്ഥാനെയും നേപ്പാളിനെയും അഫ്ഗാനിസ്ഥാനെയും ശ്രീലങ്കയെയും ബര്‍മയെയും പോലുള്ള അവികസിത രാജ്യങ്ങള്‍ നിലനില്‍പ്പിനായി പോരാടുന്ന, തെക്കന്‍ ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്‍ ഒഴിച്ചുള്ള രാജ്യങ്ങളെല്ലാം ചൈനയെ തങ്ങളുടെ സംരക്ഷകനായി കാണുന്നവരാണ്.
എല്‍ ടി ടി ഇയെ ഇല്ലാതാക്കാന്‍ ഇന്ത്യ സഹായിച്ചില്ലെങ്കില്‍ തങ്ങള്‍ ചൈനയെ കൊണ്ടുവരും എന്ന് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്‌സേ ഭീഷണിയുയര്‍ത്തിയിരുന്നത് ഓര്‍ക്കുക. ഈ രാഷ്ട്രീയ കാലാവസ്ഥ മുതലെടുക്കാന്‍ അമേരിക്ക നന്നായി ശ്രമിക്കുന്നുണ്ട്. അതിനായി ഇന്ത്യയെ തങ്ങളുടെ പാര്‍ശ്വവര്‍ത്തിയാക്കുക എന്നതാണ് അവര്‍ പ്രയോഗിക്കുന്ന തന്ത്രം. ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ നമുക്ക് ഭീഷണിയാണെന്ന കാര്യം സത്യമാണ്. എന്നാല്‍ അതിന് പ്രാദേശിക സഹകരണത്തിലൂടെ (സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ) നേരിടുക എന്ന തന്ത്രത്തിന് പകരം അമേരിക്കക്ക് മുന്നില്‍ പൂര്‍ണമായും കീഴടങ്ങിക്കൊണ്ട് ചൈനയെ വെല്ലുവിളിക്കുക എന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ അവലംബിക്കുന്നത്. പണ്ട് ഇന്ത്യക്കെതിരെ അമേരിക്ക എങ്ങനെയാണ് പാക്കിസ്ഥാനെ തങ്ങളുടെ സഖ്യ കക്ഷിയാക്കുകയും പിന്നെ ആ രാജ്യത്തെ നശിപ്പിക്കുകയും ചെയ്തത്, അതുപോലെ തന്നെ ഇന്ത്യയുടെ ചൈനീസ് ഭീതി മുതലെടുത്തുകൊണ്ട് നമ്മെ അമേരിക്കയുടെ സഖ്യ കക്ഷിയാക്കി തെക്കന്‍ ഏഷ്യയില്‍ അമേരിക്കയുടെ ഉറ്റ വ്യാപാര- പ്രതിരോധ പങ്കാളിയായി ഇന്ത്യയെ മാറ്റുക എന്ന തന്ത്രമാണ് അമേരിക്ക സ്വീകരിക്കുന്നത്. തീര്‍ച്ചയായും ചൈനയും അമേരിക്കയെ പോലെ വളരെയധികം സാമ്രാജ്യത്വ മോഹങ്ങളുള്ള രാജ്യം തന്നെയാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഭീതിയോടെ അവര്‍ നോക്കിക്കാണുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വല്യേട്ടന്റെ തോളില്‍ കൈയിട്ട് ചൈനയെ നേരിടാമെന്ന നിലപാട് നമ്മുടെ രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
മോദിയുടെ ഇരട്ടമുഖത്തെക്കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞു തുടങ്ങിയത്. സംഘ്പരിവാര്‍ ശക്തികളെ ആവോളം പ്രസാദിപ്പിച്ച്, അവരുടെ പ്രഖ്യാപിതമായ ന്യൂനപക്ഷ വിരോധത്തിന് ആഴവും ആക്കവും നല്‍കി, ആ വിഭാഗങ്ങളുടെ സമ്പൂര്‍ണ പാര്‍ശ്വവത്കരണത്തിലൂടെ അവരില്‍ അരക്ഷിതത്വ ബോധം ഉളവാക്കി ഭൂരിപക്ഷ വര്‍ഗീയതയുടെ ഏകീകരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ അധികാരം അരക്കിട്ടുറപ്പിക്കുക. അതേസമയം ലോക വേദികളില്‍ സമാധാനത്തിന്റെയും സഹിഷ്ണതയുടെയും പ്രവാചകനാവുക. ഇതാണ് മോദി അനുവര്‍ത്തിക്കുന്ന തന്ത്രം. എന്നാല്‍ ഒരു വ്യക്തിക്ക് അയാള്‍ ആരായാലും ഇരട്ടമുഖമുണ്ടാവുക സാധ്യമല്ല. ഒന്ന് യഥാര്‍ഥ മുഖവും മറ്റൊന്ന് മുഖംമൂടിയുമായിരിക്കും. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കണ്ടത് മോദിയുടെ മുഖംമൂടിയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പ് വേളയിലുള്‍പ്പെടെ കണ്ടത് യഥാര്‍ഥ മുഖവും. മുഖംമൂടികള്‍ കാലം പിച്ചിച്ചീന്തി എറിയുക തന്നെ ചെയ്യും. ലോക ചരിത്രത്തില്‍ ഇന്നേവരെ സംഭവിച്ചിട്ടുള്ളത് അതാണ്. മോദിക്ക് വേണ്ടി ചരിത്രം വഴിമാറുകയൊന്നുമില്ല.