കാള്‍ സെന്ററിലിരുന്നു നിര്‍ദേശം നല്‍കി; വീട്ടില്‍ സുഖപ്രസവമൊരുക്കി മഹ്മൂദ് ഉസ്മാന്‍

Posted on: June 11, 2016 8:23 pm | Last updated: June 11, 2016 at 8:23 pm

HMC emergencyദോഹ: ഭാര്യക്ക് പ്രസവ വേദന വന്ന ശേഷം എമര്‍ജന്‍സി സെന്ററിലേക്കു വിളിച്ചയാള്‍ക്ക് ഫോണിലൂടെ നിര്‍ദേശം നല്‍കി സുഖപ്രസവസത്തിന് അവസരമൊരുക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡിസ്പാച്ചര്‍ മഹ്മൂദ് ഉസ്മാന്‍. അതിസങ്കീര്‍ണമായ ഘട്ടം കൈകാര്യം ചെയ്തതിലെ മികവ് പരിഗണിച്ച് ഇന്റര്‍നാഷനല്‍ അക്കാദമീസ് ഓഫ് എമര്‍ജന്‍സി ഡിസ്പാച്ച് നാവിഗേറ്റര്‍ കോണ്‍ഫറന്‍സ് അദ്ദേഹത്തെ മെഡിക്കല്‍ ഡിസ്പാച്ചര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. അംഗീകാരത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ സെപ്തംബറില്‍ നടന്ന സംഭവം കഴിഞ്ഞ ദിവസം എച്ച് എം സി പുറത്തുവിട്ടത്.
ആംബുലന്‍സ് സംഘം വീട്ടിലെത്തുന്നതിനു മുമ്പ് സംഭവിക്കാന്‍ സാധ്യതയുള്ള അപകടത്തെയാണ് കൃത്യമായ നിര്‍ദേശത്തിലൂടെ മഹ്മൂദ് കൈകാര്യം ചെയ്ത്. മെഡിക്കല്‍ എമര്‍ജന്‍സി കോള്‍ സെന്ററിന്റെ സേവനത്തിന്റെ ഉയര്‍ന്ന തലത്തിലുള്ള മാതൃകയായിരുന്നു ഇതെന്ന് എച്ച് എം സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രാവിലെ 10.04നാണ് 999 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളി വന്നത്. ആംബുലന്‍സ് അടിയന്തരമായി അയക്കണമെന്നും തന്റെ ഒമ്പതുമാസം പ്രായമായ ഭാര്യക്ക് പ്രസവവേദന വന്ന് പ്രയാസപ്പെടുകയായിരുന്നുവെന്നുമായിരുന്നു അറിയിപ്പ്. ഉടന്‍ മഹ്മൂദ് സാഹചര്യങ്ങള്‍ അന്വേഷിച്ചു. എമര്‍ജന്‍സി കോളുകള്‍ വരുമ്പോള്‍ രോഗിയുടെ സാഹചര്യം മനസ്സിലാക്കിയാണ് സേവനം നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക. അടിയന്തര ഘട്ടങ്ങളില്‍ നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡിസ്പാച്ചര്‍ക്ക് ധാരണയുണ്ടാകും. വിളിച്ചയാള്‍ നല്‍കിയ വിവരം അനുസരിച്ച് ഗര്‍ഭിണിയായ സ്ത്രീ പ്രവസത്തിനു തയാറെടുക്കുകയാണെന്ന് മഹ്മൂദിന് മനസ്സിലായി. അഡ്രസ് വെരിഫിക്കേഷനും ആംബുലന്‍സ് പറഞ്ഞയക്കാനുമുള്ള ഏര്‍പ്പാടും ഉടന്‍ ചെയ്ത ശേഷം മഹ്മൂദ് വിളിച്ചയാളുമായി ഫോണില്‍ സംസാരിച്ച് അപ്പോഴത്തെ അവസ്ഥ ശരിയായി മനസ്സിലാക്കിയ ശേഷം ഭാര്യയെ പരിചരിക്കാനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തു.
വളരെ സങ്കീര്‍ണമായ അവസ്ഥയായിരുന്നു അതെന്ന് പെട്ടെന്ന് മനസ്സിലാക്കാനായെന്ന് മഹ്മൂദ് പറഞ്ഞു. കുഞ്ഞിന്റെ തലയോ നിതംബമോ പുറത്തു വന്നു തുടങ്ങുന്ന സമയമായിരുന്നു അത്. ഇത്തരം പ്രസവങ്ങള്‍ അത്യധികം അപകടകരമാണ്. കുഞ്ഞിനോ അമ്മക്കോ അപായം സംഭവിക്കാം. മഹ്മൂദ് തന്റെ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ഈ സമയമത്താണ് മറ്റൊരു സങ്കീര്‍ണത കൂടി നേരിടേണ്ടി വന്നത്. പൊക്കിള്‍കൊടി കുഞ്ഞിന്റെ കഴുത്തിലൂടെ ചുറ്റപ്പെട്ട നിലയിലായിരുന്നു. കുഞ്ഞിന്റെ കഴുത്ത് കുടുങ്ങി ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ. മഹ്മൂദ് ഉടന്‍ ചെയ്യേണ്ട പ്രവര്‍ത്തനം പറഞ്ഞു കൊടുത്തു. കുഞ്ഞിന്റെ പിതാവ് കൃത്യമായി അതു ചെയ്തതോടെ പ്രശ്‌നം ഇല്ലാതായി സുഖകരമായി പ്രസവം നടന്നു.
നവജാത ശിശുവിന്റെ കരച്ചില്‍ കേട്ടപ്പോള്‍ ഏറെ സന്തോഷമായെന്ന് മഹ്മൂദ് പറയുന്നു. ഓരോ ആഴ്ചയും നൂറു കണക്കിന് എമര്‍ജന്‍സി കോളുകളാണ് സ്വീകരിക്കുന്നത്. ഇതില്‍ പലതും സങ്കീര്‍ണ ഘട്ടങ്ങളിലുള്ളതായിരുക്കും. ഓരോ സാഹചര്യങ്ങളും മനസ്സിലാക്കിയാണ് ഡിസ്പാച്ചര്‍മാര്‍ സേവനങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതെന്ന് മഹ്മൂദ് പറയുന്നു. ആംബിലുന്‍സ് പറഞ്ഞയക്കുക എന്നതു മാത്രമല്ല ഉത്തരവാദിത്തം. ഏതു അടിയന്തര സാഹചര്യമായാലും അവ കൃത്യമായി മനസ്സിലാക്കി അപ്പോള്‍ ചെയ്യേണ്ട അടിയന്തര ശുശ്രൂഷകള്‍ നിര്‍ദേശിക്കും. ഡിസ്പാച്ചര്‍ സേവനം സംബന്ധിച്ച് വിദഗ്ധ പരിശീലനം നേടിയവരാണ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്.
ഖത്വറിലെ ജനങ്ങള്‍ക്കു വേണ്ടി മികച്ച സേവനനമാണ് എച്ച് എം സി ആംബുലന്‍സ് സര്‍വീസ് നല്‍കുന്നതെന്നും മഹ്മൂദിന്റെ ഈ സേവന അത്യപൂര്‍വവും അതി മഹത്തരവുമാണെന്ന് ഹമദ് അധികൃതര്‍ അഭിനന്ദിച്ചു.