ഇന്ത്യന്‍ പൗരന് പിതാവിനെ കണ്ടെത്തണം; ദുബൈ പോലീസ് സഹായത്തിന്

Posted on: June 10, 2016 6:04 pm | Last updated: June 10, 2016 at 6:04 pm
SHARE

naif police station#ഫൈസല്‍ ചെന്ത്രാപ്പിന്നി

ദുബൈ: ഇന്ത്യന്‍ പൗരന് യു എ ഇ സ്വദേശിയായ തന്റെ പിതാവിനെ കണ്ടെത്തുന്നതിന് ദുബൈ പോലീസിന്റെ സഹായം. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തി തന്റെ മാതാവിനെ വിവാഹം കഴിച്ചുവെന്നും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം യു എ ഇയിലേക്ക് മടങ്ങുകയുമായിരുന്നുവെന്നും ദുബൈ നൈഫ് പോലീസ് സ്റ്റേഷനില്‍ തന്റെ പിതാവിന്റെ പഴയ ചിത്രവും മാതാപിതാക്കളുടെ വിവാഹ സാക്ഷ്യപത്രവും തന്റെ ജനന സര്‍ട്ടിഫിക്കറ്റും ഹാജറാക്കിയ ശേഷം ആസാദ് വ്യക്തമാക്കി. അതിനിടയില്‍ ആസാദിന്റെ മാതാവ് ഇന്ത്യന്‍ കോടതിയില്‍ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യുകയും രണ്ടാമതൊരു വിവാഹം കഴിച്ചു ആസാദിനൊപ്പം മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് പോകുകയായിരുന്നുവെന്നും ദുബൈ പോലീസിന്റെ മനുഷ്യാവകാശ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അല്‍ മുര്‍ വ്യക്തമാക്കി.
ഖത്വറില്‍ മാതാവിനോടും അര്‍ധ സഹോദരങ്ങള്‍ക്കുമൊപ്പം താമസിക്കുന്ന ആസാദ്, യു എ ഇ ആഭ്യന്തര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയായിരുന്നു. സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം അവരുടെ പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന സ്വദേശിയായിരുന്നുവെന്നും ഇന്ത്യക്കാരിയായ ആസാദിന്റെ മാതാവിനെ 1974ല്‍ വിവാഹം കഴിക്കുമ്പോള്‍ 33 വയസായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസാദിന്റെ പിതാവ് മരണപ്പെട്ടുവെന്നും മരണ സമയത്ത് മറ്റൊരു ഭാര്യയില്‍ ഒരു മകനും അഞ്ച് പെണ്‍മക്കളും ഉണ്ടായതായും അന്വേഷണങ്ങള്‍ക്കൊടുവില്‍ തെളിഞ്ഞതായി ബ്രിഗേഡിയര്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഡി എന്‍ എ സാമ്പിളുകള്‍ സാമ്യമല്ലാതിരുന്നിട്ടും യു എ ഇയിലെ തന്റെ സഹോദരങ്ങളുമായി ആസാദിന് കൂടിക്കാഴ്ച നടത്തുന്നതിന് ദുബൈ പോലീസ് അവസരമൊരുക്കിയിരുന്നു. ദുബൈ പോലീസ് ആസാദിന് യു എ ഇ പാസ്‌പോര്‍ട്ട് നേടുന്നതിനും ഇവിടുത്തെ സഹോദരങ്ങളുമായി ബന്ധപ്പെടുന്നതിനും അങ്ങേയറ്റം സഹകരിച്ചുവെന്നും മറ്റു വകുപ്പുകളുടെ കൂടെ സഹകരണം ആവശ്യമുള്ളതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാണെന്നും ബ്രിഗേഡിയര്‍ മുഹമ്മദ് മുര്‍ ഓര്‍മിപ്പിച്ചു.
അതേസമയം, മാതാവിന്റെയും സഹോദരങ്ങളുടെയും ഡി എന്‍ എ സാമ്പിളുകള്‍ കൂടി പരിശോധിക്കുന്നതിനുള്ള അനുമതിക്കായി ദുബൈ കോടതിയില്‍ ആസാദ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here