വിജ്ഞാനത്തിന് അതിരുകളില്ല; മൊബൈല്‍ ലൈബ്രറി പിന്നിട്ടത് 250 കേന്ദ്രങ്ങള്‍

Posted on: June 10, 2016 6:01 pm | Last updated: June 10, 2016 at 6:01 pm
SHARE

Mobile Library 1 copyഷാര്‍ജ: വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി ഈ വര്‍ഷാരംഭത്തില്‍ തുടക്കം കുറിച്ച മൊബൈല്‍ ലൈബ്രറി ആദ്യത്തെ അഞ്ച് മാസങ്ങള്‍ കൊണ്ട് യു എ ഇയുടെ 250 കേന്ദ്രങ്ങള്‍ പിന്നിട്ടു.
ഷാര്‍ജ പോലീസ് സയന്‍സ് അക്കാഡമി, ഷാര്‍ജ യൂസ്ഡ് ബുക് ഫെയര്‍, ദുബൈ പോലീസിന്റെ വിവിധ കേന്ദ്രങ്ങള്‍, അബുദാബിയിലെ വിവിധ സ്ഥാപനങ്ങള്‍, യു എ ഇയിലെ സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും, സ്വദേശി പൗരന്മാരുടെ താമസ കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ മൊബൈല്‍ ലൈബ്രറി പിന്നിട്ടിരുന്നു. വായനയുടെ പ്രാധാന്യത്തിനും പുസ്തകങ്ങളെ സ്‌നേഹിക്കുന്നതിനും സ്വദേശി പൗരന്മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന വീക്ഷണത്തോടെയാണ് ‘അറിവിന് അതിരുകളില്ല’ എന്ന പ്രമേയത്തില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും തങ്ങളുടെ സൗകര്യപ്രദമായ സമയത്ത് ലൈബ്രറിയുടെ സേവനം ആവശ്യപ്പെടാമെന്നും അതിനായി 065567780 നമ്പറില്‍ കാള്‍ സെന്റര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മൊബൈല്‍ ലൈബ്രറി വിഭാഗം ജനറല്‍ മാനേജര്‍ റാശിദ് അല്‍ ഖൗസ് അറിയിച്ചു.
ആഗോളതലത്തില്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടിയതും ഏറ്റവും വിറ്റഴിക്കപ്പെടുന്നവയുടെ പട്ടികയില്‍ ഇടം നേടിയതുമായ ബാലസാഹിത്യം, കാല്‍പനിക കഥകള്‍, നോവലുകള്‍, സാംസ്‌കാരിക-ശാസ്ത്ര-സാഹിത്യ-മത രംഗത്തെ പുസ്തകങ്ങള്‍, മാനേജ്‌മെന്റ്, വിദ്യ, കുടുംബം, കുട്ടികള്‍, ആരോഗ്യം, പാചകം എന്നീ മേഖലകളിലെ പ്രയോഗിക ജ്ഞാന പുസ്തകങ്ങള്‍ തുടങ്ങിയവയുടെ ശേഖരമാണ് മൊബൈല്‍ ലൈബ്രറിയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here