പന്ത്രണ്ട് വോട്ടിന്റെ തന്ത്രവുമായി മായാവതി

Posted on: June 10, 2016 6:01 am | Last updated: June 10, 2016 at 12:41 am

ലക്‌നോ: രണ്ട് രാജ്യസഭാംഗങ്ങളെ ജയിപ്പിച്ചെടുത്ത് ശേഷിക്കുന്ന 12 വോട്ട് എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഉദ്വേഗം നിലനിര്‍ത്തി ബി എസ് പി മേധാവി മായാവതി. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി എസ് പിക്ക് 80 അംഗങ്ങളാണുള്ളത്. ഒരു രാജ്യസഭാംഗത്തെ വിജയിപ്പിക്കാന്‍ 34 എം എല്‍ എമാരുടെ ഒന്നാം വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂ. അതിനാല്‍ തന്നെ രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥികളെ രാജ്യസഭയിലെത്തിക്കാന്‍ ബി എസ് പിക്ക് നിഷ്പ്രയാസം സാധിക്കും. എന്നുമാത്രമല്ല, 12 വോട്ടുകള്‍ ബാക്കി കൈയിലുണ്ടാകുകയും ചെയ്യും. ഈ അധിക വോട്ടുകള്‍ ആര്‍ക്കുവേണ്ടി വിനിയോഗിക്കും എന്ന കാര്യത്തിലാണ് മായാവതി ഉദ്വേഗം നിലനിര്‍ത്തുന്നത്.
ഉത്തര്‍ പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഈ മാസം 10ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മായാവതിയുടെ തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്. ഒരു സ്ഥാനാര്‍ഥിയെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്കെത്തിക്കാന്‍ 29 എം എല്‍ എമാരുടെ പിന്തുണ വേണമെന്നിരിക്കെ മൂന്ന് സ്ഥാനാര്‍ഥികളെയാണ് ബി എസ് പി നിര്‍ത്തിയിട്ടുള്ളത്. രണ്ട് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാമെങ്കിലും മൂന്നാമത്തെയാളെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്കെത്തിക്കണമെങ്കില്‍ പുറത്തുനിന്നുള്ള ഏഴ് എം എല്‍ എമാരുടെ പിന്തുണ ബി എസ് പിക്ക് ആവശ്യമായിവരും. ഇവിടെയാണ് മായാവതിയുടെ മൗനത്തിന്റെ പൊരുള്‍.
സതീഷ് ചന്ദ്ര മിശ്ര, അശോക് സിദ്ധാര്‍ഥ് എന്നിവര്‍ രാജ്യസഭയിലേക്കും അതര്‍ സിംഗ് റാവു, ദിനേഷ് ചന്ദ്ര, സുരേഷ് കശ്യപ് എന്നിവര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും ബി എസ് പിയെ പ്രതിനിധീകരിച്ച് മത്സരിക്കും.