സംസ്ഥാന സിവില്‍ സര്‍വീസ് കേഡര്‍ രൂപവത്കരിക്കും: മുഖ്യമന്ത്രി

Posted on: June 10, 2016 6:12 am | Last updated: June 10, 2016 at 12:13 am

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസ് കേഡര്‍ രൂപവത്കരിക്കുമെന്നും പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹ്രസ്വകാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. കേന്ദ്രത്തിലേതിന് സമാനമായ ഡയറക്ടറേറ്റ് മാതൃക ഉടന്‍ പ്രാബല്ല്യത്തില്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലാതലത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ വരുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കും. കലക്ടറേറ്റുകളില്‍ ഇതിന് സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വികസന കാര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനമാണ്. ഭൂമി, ഗതാഗതം, വൈദ്യുതി തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ചില അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. നാടിന്റെ പൊതുതാത്പര്യത്തിന് മുന്‍തൂക്കം നല്‍കി അസൗകര്യങ്ങള്‍ മനസിലാക്കി നാടിനെ മുന്നോട്ടു കൊണ്ടുപോകും. കേരളത്തിന്റെ സാമ്പത്തിക നില അത്രഭദ്രമല്ല. സാമ്പത്തിക സ്ഥിതി അതീവഗുരുതരമാണെന്നും ഭാവിയാകെ അന്ധകാരം നിറഞ്ഞതാണെന്നും പറയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.