കെട്ടിട നിര്‍മാണ കുടിശ്ശിക: സോണിയക്ക് സമന്‍സ്

Posted on: June 9, 2016 5:23 am | Last updated: June 9, 2016 at 12:24 am

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി സ്മാരക കെട്ടിട നിര്‍മാണത്തിന് കുടിശ്ശിക വരുത്തിയ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയടക്കം ഏഴ് പേര്‍ക്ക് സമന്‍സ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയുടെതാണ് നടപടി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, മുന്‍ അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കും സമന്‍സ് അയക്കും. കെട്ടിട നിര്‍മാണ കമ്പനിയായ ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ രാജീവാണ് ഹരജിക്കാരന്‍. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള എല്ലാ എതിര്‍കക്ഷികളോടും ഈ മാസം 23ന് ഹാജരാകാനാണ് കോടതി നിര്‍ദേശം.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് കുടിശ്ശികയുണ്ടെന്നും അത് ഈടാക്കി കിട്ടണമെന്നും കാണിച്ച് കെട്ടിട നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്. എതിര്‍ കക്ഷികളായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, വി എം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങി ഏഴ് പേര്‍ക്ക് സമന്‍സ് അയക്കാന്‍ പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം, വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. രണ്ട് കോടി രൂപയാണ് കരാറുകാരന് കൊടുത്തുതീര്‍ക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തര്‍ക്കം എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 സെപ്തംബര്‍ 29നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.